തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസി (എൻ.ഐ.എ) ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ കാമറാ ദൃശ്യങ്ങൾ പൊതുഭരണ ഇലക്ട്രോണിക്സ് വിഭാഗം പകർത്തിത്തുടങ്ങി. 2019 ജൂലായ് ഒന്നുമുതൽ 2020 ജൂലായ് 12വരെയുള്ള സെക്രട്ടേറിയറ്റിലും രണ്ട് അനക്സുകളിലും ഗേറ്റുകളിലുമായുള്ള 83 കാമറകളിലെ ദൃശ്യങ്ങളാണ് ജൂലായ് 25ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നത്. ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്താൻ 400ടിബി (ടെറാബൈറ്റ്) ശേഷിയുള്ള ഹാർഡ് ഡിസ്ക് സംസ്ഥാനത്ത് ലഭ്യമല്ലാത്തതിനാൽ 68ലക്ഷം രൂപയ്ക്ക് വിദേശത്തുനിന്ന് വാങ്ങി. ഈ ഹാർഡ് ഡിസ്കിലേക്കാണ് ദൃശ്യങ്ങൾ പകർത്തുന്നത്. പ്രതികളായ സ്വപ്നയും സന്ദീപും സരിത്തും സെക്രട്ടേറിയറ്റിലെത്തിയ ദിവസങ്ങളിലെ ദൃശ്യങ്ങൾ അടുത്തിടെ എൻ.ഐ.എ സ്വന്തം നിലയിൽ പകർത്തിയിരുന്നു.