തിരുവനന്തപുരം: 2011-12 മുതൽ 2017-18വരെയുള്ള കാലയളവിലെ 28 ഗ്രാന്റുകളിലെയും 11 ധനവിനിയോഗങ്ങളിലെയും 4,735 കോടിയുടെ അധിക ചെലവ് ഇനിയും ക്രമീകരിച്ചിട്ടില്ലെന്ന് സി.എ.ജിയുടെ വിമർശനം.
30 ഗ്രാന്റുകളിൽ വകയിരുത്തിയത് പോലും മുഴുവൻ ചെലവഴിക്കാതെ ,6107 കോടിരൂപ സപ്ലിമെന്ററി വകയിരുത്തലിലൂടെ വാങ്ങിയത് അനാവശ്യമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
മറ്റ് ധനവിനിയോഗ യൂണിറ്റുകളുടെ അധികച്ചെലവിന് ആവശ്യമില്ലെങ്കിൽ മിച്ചം വന്ന തുക ഭരണ വകുപ്പുകൾ ധനവകുപ്പിനെ തിരിച്ചേൽപ്പിക്കണം. 2018-19ൽ ബഡ്ജറ്റിൽ വകയിരുത്തിയ 1,60,374.90 കോടിയിൽ 20,687.91 കോടിയും ഇങ്ങനെ തിരിച്ചേല്പിച്ചു. അതേ സമയം മിച്ചമുണ്ടായിരുന്നത് 21,116.46 കോടിയാണ്. ഇനിയും 428.55 കോടി തിരിച്ചേല്പിക്കാനുണ്ട്. വിദ്യാഭ്യാസം(1515.06 കോടി), നഗരവികസനം(1782.73 കോടി,) ഗ്രാമവികസനം( 2685,58) കോടി, നഷ്ടപരിഹാരം, അവകാശ കൈമാറ്രം(1525.73 കോടി), സാമൂഹ്യസുരക്ഷിതത്വം( 1598,69 കോടി )എന്നിങ്ങനെയാണ് ഇങ്ങനെ തിരിച്ചുനൽകിയ തുക .
യഥാർത്ഥ മിച്ചത്തേക്കാൾ അധികം തിരിച്ചടച്ചത് ധനവിനിയോഗ കൺട്രോൾ രജിസ്റ്റർ പരിപാലനത്തിന്റെ പോരായ്മാണ്. അധികം തുക പെൻഷൻ നൽകുന്നത് പെൻഷൻ വിതരണ സമ്പ്രദായത്തിലെ പഴുതാണ് വെളിവാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.