ന്യൂഡൽഹി :ഇ.പി.എഫ്. അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ലഭ്യമാക്കാൻ വഴിയൊരുക്കിയ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം സമർപ്പിച്ച ഹർജിയിലെ വാദം സുപ്രീം കോടതി 25ലേക്ക് മാറ്റി.
ഇന്നലെ കേസ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ലിസ്റ്റ് ചെയ്പ്പെട്ടിരുന്നെങ്കിലും, കേസ് പരിഗണിക്കാൻ ബെഞ്ച് തയാറായില്ല. ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് നിർദേശിച്ചാണ് ഹർജി മാറ്റിയത്.
നിലവിലെ സാഹചര്യത്തിൽ ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്നാണു കേന്ദ്രത്തിന്റെ നിലപാട്. പെൻഷൻ തുക വർദ്ധിപ്പിക്കാൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉയർന്ന വിഹിതം ഈടാക്കണമെന്നു പാർലമെന്ററി സമിതി മുൻപാകെ മന്ത്രാലയം അടുത്തിടെ നിലപാടെടുത്തിരുന്നു. ജീവനക്കാരുടെ പ്രതിമാസ വിഹിതം ചുരുങ്ങിയത് 1000 രൂപയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.