തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യകേരളയാത്ര" 31ന് വൈകിട്ട് നാലിന് കാസർകോട്ട് നിന്നാരംഭിക്കുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി ഒന്നിന് തുടങ്ങാനിരുന്നതാണ് ഒരു ദിവസം നേരത്തേയാക്കിയത്.
ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസൻ, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ, വി.ഡി. സതീശൻ (കോ-ഓർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകും.
'സംശുദ്ധം, സദ്ഭരണം" എന്ന മുദ്രാവാക്യമുയർത്തി 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് 23 ന് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് ധർണ നടത്തും.
സ്വർണക്കടത്തിനും ഡോളർ കള്ളക്കടത്തിനും സഹായം നൽകിയ മുഖ്യമന്ത്രിയും സ്പീക്കറും രാജിവയ്ക്കുക, വിലക്കയറ്റത്തിന് പരിഹാരമുണ്ടാക്കുക, കർഷകരുടെ 2 ലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.