തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎ.ജി). ഇന്നലെ നിയമസഭയിൽ വച്ച സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് വിമർശനം.
സഞ്ചിത നിധിയുടെ ഉറപ്പിൽ ഇന്ത്യയ്ക്കകത്തു നിന്ന് കടമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും, ഭരണഘടനയുടെ 293(3) വകുപ്പു പ്രകാരം കടമെടുപ്പിന്റെയും തിരിച്ചടവിന്റെയും രേഖകൾ സംസ്ഥാനം കേന്ദ്രത്തിന് നൽകണം. 2018-19ലെ കടമെടുപ്പ് പരിധി സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനമായിരുന്നു. ഭരണഘടന പ്രകാരമുള്ള കടമെടുപ്പ് പരിധി മറികടക്കുന്നതാണ് കിഫ്ബി വായ്പ. ഇതിന് നിയമസഭയുടെ അനുമതിയുമില്ല. വിദേശ കടമെടുപ്പിന് അധികാരം കേന്ദ്രസർക്കാരിന് മാത്രമാണ്. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ കടം തന്നെയാണ്. സർക്കാരിന്റെ റവന്യൂ വരുമാനം വഴിയാണ് കടം തിരിച്ചടയ്ക്കുന്നത്. കിഫ്ബിക്ക് മസാല ബോണ്ടിൽ വായ്പ വാങ്ങാൻ റിസർവ് ബാങ്ക് നൽകിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പ
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ തിരിച്ചടവ് അവയുടെ വരവിലാണെങ്കിലും സർക്കാർ ഗ്യാരന്റിയിലാണ് വായ്പ ലഭിക്കുന്നത്. ബഡ്ജറ്റിൽ ഈ കടമെടുപ്പ് പ്രതിഫലിക്കുന്നില്ലെങ്കിലും തിരിച്ചടയ്ക്കേണ്ട ബാദ്ധ്യതയിൽ നിന്ന് സർക്കാർ ഒഴിവാകുന്നില്ല. സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബിയുടെ കടം ആകസ്മിക ബാദ്ധ്യതയെന്ന സർക്കാർ വാദം ആശ്ചര്യകരമാണ്.
കിഫ്ബിയുടെ പേരിൽ ഫണ്ടുകൾ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതിനാലും തിരിച്ചടയ്ക്കുന്നത് പെട്രോൾ, സെസ് , മോട്ടാർ വാഹന നികുതി തുടങ്ങിയ സർക്കാർ തനതു വരവുകളിൽ നിന്നായതിനാലും റവന്യൂ വിഭവങ്ങളുടെ മേൽ ബാദ്ധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ബാദ്ധ്യതകൾ സുതാര്യതയിൽ സംശയം ജനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സി.എ.ജി റിപ്പോർട്ട് : വ്യവസ്ഥ ലംഘിച്ചെന്ന് മന്ത്രി ഐസക്
തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് തയ്യാറാക്കിയത് വ്യവസ്ഥകളും നടപടിക്രമങ്ങളും ലംഘിച്ചാണെന്ന്, ഇന്നലെ സഭയിൽ സി.എ.ജി റിപ്പോർട്ടിനോടൊപ്പം വച്ച തന്റെ നിരീക്ഷണ കുറിപ്പിൽ ധനമന്ത്രി തോമസ് ഐസക് വിമർശിച്ചു.ഓഡിറ്ര് റിപ്പോർട്ടിൽ എന്തെങ്കിലും കാര്യങ്ങൾ ഉൾപ്പെടുത്തുന്നതിനു മുമ്പ് സർക്കാരിന് അവസരം നൽകണമെന്ന് 2007ലെ റഗുലേഷൻ ഓൺ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സിൽ പറയുന്നുണ്ട്. കരട് ഖണ്ഡികയ്ക്ക് സർക്കാർ നൽകുന്ന മറുപടിക്കും അക്കൗണ്ടന്റ് ജനറൽ പരിഗണന നൽകണം. മറുപടിയുടെ അടിസ്ഥാനത്തിൽ കരട് ഓഡിറ്റ് റിപ്പോർട്ട് പരിഷ്കരിക്കുകയോ, റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരിക്കുകയോ ചെയ്യാം.
ഓഡിറ്റ് റിപ്പോർട്ടിൽ ഏതെങ്കിലും അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ വിശദീകരിക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാരിന് വിശദീകരണത്തിന് അവസരം നൽകണം. സർക്കാരിനെ അറിയിച്ചിട്ടില്ലാത്ത ഏതെങ്കിലും അഭിപ്രായമോ നിരീക്ഷണമോ ഉൾപ്പെടുത്താനാവില്ല. ഇവിടെ, 2020 ജൂൺ 22ന് നടത്തിയ യോഗത്തിന്റെ നടപടിക്കുറിപ്പ് സർക്കാരിന് ലഭിച്ചിട്ടില്ല.
കരട് റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. സി.എ.ജിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ സർക്കാർ ആവിഷ്കരിച്ച വികസന വീക്ഷണങ്ങളെ ഇത് ദോഷമായി ബാധിക്കും. സർക്കാരിന് ഉചിതമായ രീതിയിൽ പ്രശ്നം പരിഹരിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.