കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രാധാന്യം ഒട്ടും കുറച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. പ്രതിപക്ഷ നേതാവ് തന്നെയാണ് കേരള യാത്ര നടത്തുന്നത്. ഉമ്മൻചാണ്ടി എല്ലാ സന്ദർഭത്തിലും പാർട്ടിയെ നയിക്കാൻ ഒപ്പമുണ്ടായിരുന്നു. അദ്ദേഹം സ്ഥാനത്തുനിന്നും മാറി നിന്നെങ്കിലും പ്രവർത്തനത്തിൽ നിന്നും മാറിനിന്നിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
ചെന്നിത്തലയെ തഴഞ്ഞു എന്ന് ആരോപണം ഉന്നയിക്കുന്നത്, പാർട്ടിയിൽ ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ നടത്തുന്ന കുത്തിത്തിരിപ്പാണ്. അല്ലാതെ കമ്മിറ്റിയെ വച്ചതിൽ യാതൊരു തെറ്റുമില്ല. എല്ലാവരും ആഗ്രഹിച്ച പോലെ തന്നെയാണ് ഹൈക്കമാൻഡ് കമ്മിറ്റിയെ തീരുമാനിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കുന്നതിൽ തെറ്റില്ല. മുല്ലപ്പളളി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് മണ്ഡലം നഷ്ടപ്പെടില്ലായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ മുല്ലപ്പളളി കാരണം പറഞ്ഞത്, കെ പി സി സി പ്രസിഡന്റാണെന്നും 20 മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകണമെന്നുമാണ്. അതുകൊണ്ടാണ് തനിക്ക് വടകരയിൽ മത്സരിക്കേണ്ടി വന്നത്. താൻ വടകരയിൽ മത്സരിക്കാനോ, ലോക്സഭയിൽ വരാനോ ആഗ്രഹിച്ചിരുന്ന ആളല്ല. വടകരയിൽ മത്സരിക്കുമെന്ന് ജീവിതത്തിൽ പ്രതീക്ഷിച്ചതുമല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
മുല്ലപ്പളളി പെട്ടെന്ന് മാറിനിന്നപ്പോൾ പകരം ആരെന്ന ചർച്ച വന്നു. അപ്പോൾ സി പി എമ്മിൽ ജയരാജൻ സ്ഥാനാർത്ഥിയായി. ഇതോടെ നേരിടാൻ സീനിയർ നേതാവ് വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കേണ്ടി വന്നത്. അതുകൊണ്ടാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്നും മുരളീധരൻ പറഞ്ഞു.
മുല്ലപ്പളളി രാമചന്ദ്രൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിരോധമില്ല. തന്റെ മണ്ഡലത്തിലെ ഏത് സീറ്റിൽ മുല്ലപ്പളളി മത്സരിച്ചാലും അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാൻ ശക്തമായ പ്രവർത്തനത്തിന് താനുണ്ടാകും. മുമ്പ് കെ പി സി സി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലയും സി വി പത്മരാജനും മത്സരിച്ചിട്ടുണ്ട്. അതിൽ അപാകതയൊന്നുമില്ല.
ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ ഇടയായ സാഹചര്യങ്ങൾ പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അതും ഉമ്മൻചാണ്ടിയുടെ ചെയർമാൻഷിപ്പുമായി ബന്ധമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.