കൊച്ചി: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ഫാദർ തോമസ്.എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിബിഐയ്ക്ക് അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. തോമസ് കോട്ടൂർ സമർപ്പിച്ച
അപ്പീൽ കോടതി പിന്നീട് പരിഗണിക്കും. തങ്ങളുടെ അപ്പീൽ പരിഗണിച്ച് തീർപ്പാകുന്നത് വരെ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ ഉടനെ ഹർജി നൽകുമെന്നാണ് വിവരം. സിസ്റ്റർ സെഫിയും അടുത്ത ദിവസങ്ങളിൽ ഇതിനായി അപ്പീൽ സമർപ്പിക്കും.
കേസിന്റെ വിചാരണയടക്കം നീതിപൂർവമല്ലെന്ന് കാട്ടിയാണ് ഫാദർ തോമസ്.എം.കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചത്. നീണ്ട 28 വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി അഭയ കേസിൽ ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ഇവർക്കുമേൽ ചുമത്തിയായിരുന്നു ശിക്ഷ.
അഭയാ കേസിൽ നിർണായക സാക്ഷിമൊഴി നൽകിയ അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം ഒട്ടും വിശ്വസനീയമല്ലെന്നും ഹർജിയിൽ ഫാദർ തോമസ് എം കോട്ടൂർ കോടതിയെ അറിയിച്ചു. ഡിസംബർ 23 നാണ് അഭയ കേസിൽ ഫാദർ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും സിബിഐ കോടതി വിധിച്ചത്.