അഭയയുടെ കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ കുടുംബത്തിന് നേരിടേണ്ടിവന്നത് കൊടുംക്രൂരതകളെന്ന് സഹോദരൻ ബിജു. ആദ്യം മുതൽ തന്നെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച ലോക്കൽ പൊലീസിന്റെ വഴിയിലായിരുന്നു ക്രൈം ബ്രാഞ്ചെന്നും, നിരവധി കഥകൾ അവർ തന്റെ കുടുംബത്തിനെതിരെ മെനഞ്ഞെന്നും ബിജു പറയുന്നു.
ബിജുവിന്റെ വാക്കുകൾ-
'തെളിവുകൾ നശിപ്പിക്കാനായിരുന്നു ലോക്കൽ പൊലീസിന് തിടുക്കം. അഭയയുടെ മനസിൽ ആത്മഹത്യചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു എന്ന മട്ടിലാണ് അവർ കേസിനെ സമീപിച്ചത്. വാതിലിന്റെ കൊളുത്തിലെ വിരലളടയാളം പോലും അവർ പരിശോധിച്ചില്ല. ലോക്കൽ പൊലീസിനെ തുടർന്നുവന്ന ക്രൈംബ്രാഞ്ച് സംഘവും ഇതേവഴിയിലൂടെയാണ് സഞ്ചരിച്ചത്. എന്തെല്ലാം ക്രൂരതകൾ അവർ ചെയ്തെന്നോ? കുടുംബത്തിനെതിരെ കഥകൾ മെനഞ്ഞു. ഞങ്ങൾക്ക് കുടുംബപരമായി മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.
ഒരിക്കൽ എന്നെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെ ചെല്ലുമ്പോൾ പൊലീസ് ഒരു തമിഴ് പയ്യനെ ക്രൂരമായി മർദ്ദിക്കുകയാണ്. കോൺവെന്റിൽ നിന്ന് ഇടിമിന്നൽ രക്ഷാചാലകത്തിന്റെ ചെമ്പുകമ്പി മോഷ്ടിക്കാൻ കയറിയ അവൻ മുന്നിൽപെട്ട അഭയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതാണത്രേ. കഷ്ടിച്ച് 40 കിലോ ഭാരം വരുന്ന അവൻ ഇടികൊണ്ട് ഇഞ്ചപ്പരുവമായിരുന്നു. ഞാൻ വിഷമത്തോടെ ഇറങ്ങിപ്പോന്നു.
അഭയ മരിക്കുമ്പോൾ കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. അദ്ദേഹമാണ് കേസ് സിബിഐയ്ക്ക് വിടുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം മാറി ഇ കെ നായനാരുടെ നേൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു. ജോമോനും ഞാനും കോട്ടയം ടിബിയിൽ ചെന്ന് അദ്ദേഹത്തെ കണ്ട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. കഴിവിന്റെ പരമാവധി സഹായിക്കാം, പക്ഷേ വലിയ പ്രതീക്ഷ ഒന്നുംവേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'. - വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്.