തേഞ്ഞിപ്പലം: ആഴക്കടലിൽ മാത്രം കാണുന്ന ഭീമൻ കടുകപ്പാര എങ്ങനെ കടലുണ്ടിപ്പുഴയിലെത്തിയെന്നറിയാതെ അന്തം വിടുകയാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും. മത്സ്യത്തൊഴിലാളിയായ മഞ്ഞറോടൻ അബ്ദുൽ സലാമാണ് 13.5 കിലോ തൂക്കമുളള മീനിനെ വലവീശിപ്പിടിച്ചത്. ഇരുമ്പോത്തിങ്ങൽ കടവിനടുത്തുനിന്നാണ് ഈ മീൻ വലയിൽപെട്ടത്. ഈ ഒറ്റ മീനിനെ വിറ്റത് 4000 രൂപയ്ക്കാണ് . ഇത്രയും വലിയ കടുകപ്പാര പുഴയിൽ നിന്ന് ലഭിക്കാറില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഇനമാണ് കടുകപ്പാര.
അബ്ദുൽ സലാം ആദ്യമായല്ല വലിപ്പമുളള മീനുകളെ പിടികൂടുന്നത്. കഴിഞ്ഞ വർഷം 16.5 കിലോ തൂക്കമുള്ള നരിമീൻ വലവീശി പിടിച്ചിരുന്നു. ഇതിനെയും മോഹവിലയ്ക്കാണ് വിറ്റത്.