സെൻസെക്സ് 834 പോയിന്റും നിഫ്റ്റി 239 പോയിന്റും മുന്നേറി
കൊച്ചി: അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന്റെ ആവേശത്തിൽ വൻ മുന്നേറ്റം നടത്തി ആഗോള ഓഹരികൾ. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും ഇന്നലെ കുതിച്ചുയർന്നു. രണ്ടുദിവസത്തെ നഷ്ടത്തിന് വിരാമമിട്ട സെൻസെക്സ്, ഇന്നലെ 834 പോയിന്റ് തിരിച്ചുപിടിച്ച് 49,398ലെത്തി. നിഫ്റ്റി 239 പോയിന്റ് നേട്ടവുമായി 14,521ലാണ് വ്യാപാരാന്ത്യമുള്ളത്.
യൂറോപ്പ്, അമേരിക്കൻ ഓഹരികളേക്കാൾ ഉയർന്ന നേട്ടം ഹോങ്കോംഗ്, ദക്ഷിണ കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഓഹരികളിൽ ഇന്നലെ ദൃശ്യമായതും ഇന്ത്യൻ ഓഹരികളെ സ്വാധീനിച്ചു. സൺഫാർമ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എച്ച്.ഡി.എഫ്.സി., എൽ ആൻഡ് ടി., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഇന്നലെ ആറു ശതമാനത്തിനുമേൽ മുന്നേറി.
പ്രസിഡന്റ് സ്ഥാനമേൽക്കുന്ന ബൈഡൻ 1.9 ലക്ഷം കോടി ഡോളറിന്റെ പുതിയ ഉത്തേജ പാക്കേജ് പ്രഖ്യാപിക്കുമെന്ന സൂചനകളാണ് ഓഹരികളെ ആവേശപ്പെടുത്തുന്നത്. പാക്കേജ് യാഥാർത്ഥ്യമായാൽ ഇന്ത്യയിലേക്ക് അടക്കം വിദേശ നിക്ഷേപം കുതിച്ചൊഴുകും.
₹3.41 ലക്ഷം കോടി
ഇന്നലെ സെൻസെക്സിന്റെ മൂല്യത്തിലുണ്ടായ വർദ്ധന 3.41 ലക്ഷം കോടി രൂപയാണ്. 192.77 ലക്ഷം കോടി രൂപയിൽ നിന്ന് 196.19 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യക്കുതിപ്പ്.
ചാഞ്ചാട്ടം തുടരും
റെക്കാഡ് കുതിപ്പിന് ഇടവേളയിട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിലേക്ക് വീണിരുന്നു. കുതിപ്പ് മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് കാരണം. ഈ പ്രവണത, വരും ദിനങ്ങളിലും തുടരാം.