കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിൽ ആദായ നികുതി ഇളവിന് പരിഗണിക്കുന്ന ഇടപാടുകളുടെ പരിധിയിൽ കൊവിഡ് ചികിത്സാച്ചെലവും ഉൾപ്പെടുത്തിയേക്കും. നിലവിൽ ആദായ നികുതി വകുപ്പിലെ സെക്ഷൻ 80 സി പ്രകാരം, ഇൻഷ്വറൻസ് സ്കീം ഉൾപ്പെടെയുള്ള പദ്ധതികളിൽ നിക്ഷേപിച്ച് ഒന്നരലക്ഷം രൂപവരെ ഇളവ് നേടാൻ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് കഴിയും.
പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്കുള്ള നിക്ഷേപം സെക്ഷൻ 80 ജി പ്രകാരം 100 ശതമാനം ആദായനികുതി ഇളവിന് അർഹമാണ്. സെക്ഷൻ 80 ഡി.ഡി., 80 യു., 80 ഡി.ഡി.ബി എന്നിവ പ്രകാരം ഏതാനും ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവുകളും നിലവിൽ ആദായ നികുതി ഇളവിന്റെ പരിധിയിൽ വരുന്നുണ്ട്. ഇതിലേക്ക് കൊവിഡ് ചികിത്സാച്ചെലവും ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്.
നികുതിദായകനോ കുടുംബത്തിനോ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് ചെലവായ മൊത്തം തുകയ്ക്കോ അല്ലെങ്കിൽ പരമാവധി ഒരുലക്ഷം രൂപ കണക്കാക്കിയോ ഇളവ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കൊവിഡ് ജനജീവിതത്തെയും സമ്പദ്സ്ഥിതിയെയും സാരമായി ബാധിച്ചത് ചൂണ്ടിക്കാട്ടി ഇളവ് നൽകുന്നത് ധനമന്ത്രി പരിഗണിച്ചേക്കും.
ഇക്കുറിയും
ശ്രദ്ധാകേന്ദ്രം 80 സി
ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ അന്ന് ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലി, സെക്ഷൻ 80 സി പ്രകാരമുള്ള ആദായ നികുതിയിളവിന്റെ പരിധി ഒരുലക്ഷം രൂപയിൽ നിന്ന് ഒന്നരലക്ഷം രൂപയാക്കിയിരുന്നു.
പിന്നീടൊരിക്കലും സെക്ഷൻ 80 സിയെ ധനമന്ത്രിമാർ തൊട്ടിട്ടില്ല. ഇളവിന്റെ പരിധി രണ്ടരലക്ഷമോ മൂന്നുലക്ഷമോ ആക്കണമെന്ന ആവശ്യം ശക്തമാണ്. പരിധി ഉയർത്തുന്നത് നിക്ഷേപങ്ങളും ഉപഭോക്തൃച്ചെലവും വർദ്ധിപ്പിക്കും. ഇത്, സമ്പദ്വ്യവസ്ഥയ്ക്ക് ഗുണമാകുമെന്ന് ഫിക്കി ഉൾപ്പെടെയുള്ള സംഘടനകൾ ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇൻഷ്വറൻസ്, ഭവന വായ്പ, കുട്ടികളുടെ ട്യൂഷൻ ഫീസ്, പി.എഫ് തുടങ്ങിയവയിലൂടെ ആദായനികുതി ഇളവ് നേടാൻ സഹായിക്കുന്ന ചട്ടമാണ് 80 സി.