ന്യൂയോർക്ക്: കൊവിഡിന് കാരണമാകുന്ന സാർസ് കോവ്-2 വൈറസ് പകർച്ചാവ്യാധിയാവുകയും മിക്കവർക്കും കുട്ടിക്കാലത്ത് വൈറസിനെ അഭിമുഖീകരിക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തുമെന്ന് പഠനം. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കൊവിഡ് 19-ന് കാരണമായ സാർസ് കൊവിലും നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഗവേഷകർ ഇത്തരമൊരു പഠനത്തിൽ എത്തിയത്.
വൈറസുകളുടെ രോഗപ്രതിരോധശേഷി, പകർച്ചവ്യാധി സാധ്യത എന്നിവയുടെ വിവരങ്ങൾ വിശകലനം ചെയ്തതിലൂടെ സാധാരണ ജനങ്ങളിൽ വൈറസ് വ്യാപിക്കുമ്പോൾ അതിന്റെ മുന്നോട്ടുപോക്ക് എങ്ങനെയാകുമെന്നുള്ള മാതൃക ഗവേഷകർ വികസിപ്പിച്ചു.
ജലദോഷത്തിന് കാരണമാകുന്ന നാല് കൊറോണ വൈറസുകൾ വളരെക്കാലമായി മനുഷ്യരിൽ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തിൽ തന്നെ രോഗബാധിതരാണെന്നും ഗവേഷകർ പറഞ്ഞു.
മൂന്നു മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി ഇത് മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
കുട്ടിക്കാലത്ത് അവർക്കുണ്ടായ അണുബാധ കഠിനമായ രോഗങ്ങളിൽനിന്ന് രോഗപ്രതിരോധ സംരക്ഷണം നൽകുമെന്നും ഗവേഷക.പറയുന്നു. കൊവിഡ് വാക്സിൻ ആളുകളിലുണ്ടാക്കുന്ന രോഗപ്രതിരോധ ശേഷിയെയും വൈറസ് എത്ര വേഗത്തിൽ പടരുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും ഈ മാറ്റം.
കുട്ടിക്കാലത്തെ സ്വാഭാവിക അണുബാധ രോഗപ്രതിരോധ ശേഷി നൽകുകയും ഇത് പിൽക്കാലത്ത് ആളുകളെ കടുത്ത രോഗങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും. പക്ഷേ, പിന്നീടും രോഗം വരുന്നതിനെ ഇത് തടയുന്നില്ല." പഠനത്തിൽ പങ്കാളിയായ എമോറി സർവകലാശാലയിലെ ജെന്നി ലാവിൻ പറഞ്ഞു.