തിരുവനന്തപുരം: പന്ത്രണ്ടു കോടിയുടെ ഭാഗ്യം തേടിവരുന്ന രഹസ്യം, ഭാഗ്യം വിറ്റുനടന്ന പാവം ഷറഫുദ്ദീൻ അറഞ്ഞില്ല. അതും, വിൽക്കാതെ ശേഷിച്ച ടിക്കറ്റിന്! സമയം തെളിഞ്ഞപ്പോൾ ഭാഗ്യം കേരള അതിർത്തി കടന്ന് ചെങ്കോട്ട താലൂക്കിലെ പുത്തൂർ വില്ലേജിൽ ഇരവിയാധർമ്മപുരത്തെ പുളിയറൈയിൽ എത്തി. പുറമ്പോക്കിലെ ആ ചെറിയ വീട്ടിൽ ക്രിസ്മസ് പുതുവർഷ ബമ്പർ! സമ്മാനത്തുകയുടെ 63 ശതമാനമായ 7.56 കോടി ഷറഫുദ്ദീന് കിട്ടും.
തലസ്ഥാനത്ത് വികാസ് ഭവനിലെ ലോട്ടറി ഓഫീസിൽ ടിക്കറ്ര് ഏല്പിക്കാൻ വന്നപ്പോഴും ആ ബമ്പർ ഞെട്ടൽ മാറിയിരുന്നില്ല. 'കേരള സർക്കാരിന് നന്ദി.' - ഷറഫുദീൻ പറഞ്ഞു.
അതിർത്തിയായ ആര്യങ്കാവിൽ നാലുവർഷമായി ലോട്ടറി വിറ്റാണ് 46 കാരനായ ഷറഫുദ്ദീൻ കുടുംബം പോറ്റുന്നത്. വീട്ടീൽ നിന്ന് 12 കിലോമീറ്രർ താണ്ടി അതിർത്തി കടന്നാണ് രാവിലെ ഏഴ മണിക്ക് ആര്യങ്കാവിലെത്തുക. ബൈക്കിലാണ് വില്പന. ദിവസം 700- 800 രൂപ കിട്ടും. വിൽക്കാതെ ശേഷിക്കുന്ന ടിക്കറ്റുകൾ സൂക്ഷിക്കും. ഒന്നോ രണ്ടോ അക്കങ്ങളുടെ അകലത്തിൽ പലവട്ടം ഭാഗ്യം വഴിതെറ്റിപ്പോയി. ഒരിക്കൽ 12,000 രൂപ കിട്ടി.
17നു നറുക്കെടുത്ത ക്രിസ്മസ് ബമ്പറിന്റെ മൂന്ന് ടിക്കറ്റുകളാണ് വിൽക്കാതെ ബാഗിൽ വച്ചിരുന്നത്. ഉച്ചയ്ക്കു ഫലം വന്നെങ്കിലും ആശുപത്രിയിൽ പോയതിനാൽ ടിക്കറ്റിന്റെ കാര്യം മറന്നു. ആര്യങ്കാവിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് പിറ്റേന്നു വൈകിട്ടാണ് അറിഞ്ഞത്. ടിക്കറ്റെടുത്ത് നോക്കിയപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.
വീട്ടിൽ ഉമ്മ നബീസയ്ക്കും സഹോദരന്മാരായ ദീലീപ് ഖാനും നൗഷാദിനും പത്താം ക്ലാസിൽ പഠിക്കുന്ന മകൻ പർവേശ് മുഷറഫിനുമൊപ്പം താമസം. ഭാര്യ ആയൂരിലെ വീട്ടിലാണ്. ജീവിക്കാൻ ഷറഫുദ്ദീൻ നാടെമ്പാടും അലഞ്ഞു. ഇടയ്ക്ക് ഗൾഫിൽ പോയി. റിയാദിൽ ഒരു കാർഗോ കമ്പനിയിൽ നാലു വർഷം. വിസ പ്രശ്നത്തിൽ കുടുങ്ങിയെങ്കിലും പൊതുമാപ്പിൽ തിരിച്ചെത്തി. പിന്നെയാണ് ലോട്ടറി വില്പന തുടങ്ങിയത്.
ടിക്കറുമായി നാട്ടിലെ ബാങ്കിലെത്തിയപ്പോൾ വർഷങ്ങളായി ഇടപാടില്ലാത്തതിനാൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. അതിർത്തി കടന്നുള്ള സമ്മാനത്തിന് നോട്ടറി അറ്റസ്റ്റേഷൻ അടക്കമുള്ള അധിക നടപടികളുള്ളതിനാൽ ടിക്കറ്റുമായി ഇന്നലെയാണ് ഷറഫുദ്ദീൻ ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്.
''സമ്മാനത്തുക കൊണ്ട് ചില പരിപാടികളുണ്ട്. ഒരു വീട് വയ്ക്കണം. തമിഴ്നാട്ടിലാണെങ്കിലും കുടുബത്തിലെ ആരും മലയാളിത്തം വിട്ടിട്ടില്ല. തമിഴ്നാട്ടിൽ ലോട്ടറി നിരോധിച്ചതിനാലാണ് കേരളത്തിൽ വന്ന് ലോട്ടറി വിൽക്കുന്നത്''
- ഷറഫുദ്ദീൻ.