കൊച്ചി:ഗൾഫിൽ നിന്ന് കൊറിയർ സർവീസ് വഴിയും സ്വർണ കള്ളക്കടത്ത് .കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറു തവണയായി കൊറിയറിൽ അയച്ച നാലു കിലോയിലേറെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കൊറിയർ ഏജൻസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
പ്രവാസികൾക്ക് നാട്ടിലേക്ക് 70 കിലോ വരെ സാധനങ്ങൾ ഗിഫ്റ്റായി കൊറിയർ സർവീസ് വഴി അയയ്ക്കാം. ഇങ്ങനെ അയയ്ക്കുന്ന സാധനങ്ങളിൽ സ്വർണം ഒളിപ്പിച്ചാണ് കടത്തുന്നത്. സമ്മാന ബാഗേജ് നിരീക്ഷിച്ച ഒരു കസ്റ്റംസ് ഉദ്യോഗസ്ഥയാണ് ഇവ കണ്ടെത്തിയത്. ഗ്ലാസുകളുടെ കവറിംഗിനുള്ളിലും ചില ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ഉള്ളിലുമായിരുന്നു സ്വർണം.
സ്വർണം വന്നത്
ദുബായ്
ഖത്തർ
സൗദി
പ്രവാസി അറിയാതെ രേഖകൾ സംഘടിക്കും
വിദേശത്തുനിന്ന് അയയ്ക്കുന്ന വ്യക്തിയുടെ വിസ, പാസ് പോർട്ട്, ഗൾഫിലെ ഐ.ഡി എന്നിവയുടെ പകർപ്പ് കൊറിയർ ഏജൻസിക്ക് കൈമാറിയാലേ സാധനം അയയ്ക്കാൻ കഴിയൂ.
കള്ളക്കടത്ത് സംഘം ഇവ ട്രാവൽ ഏജൻസികളിൽ നിന്നും മൊബൈൽ സിം കാർഡ് വില്പന കേന്ദ്രങ്ങളിൽ നിന്നും സംഘടിപ്പിക്കുന്നു.
കൊറിയർ കമ്പനിയും ഒത്താശ ചെയ്യുന്നു. നാട്ടിൽ കൈപ്പറ്റുന്നവരുടെ വിവരങ്ങൾ വ്യാജമായിരിക്കും.
സ്വർണം പിടിച്ചാൽ അയച്ചവരെയും കൈപ്പറ്റുന്നവരെയും ഹാജരാക്കേണ്ട ബാധ്യത കൊറിയർ സ്ഥാപനത്തിനാണ്.
വിദേശത്തുള്ളയാൾ എത്താറില്ല, കൈപ്പറ്റാനുള്ള മേൽവിലാസംപോലും വ്യാജം.
രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന കൊറിയർ ഏജൻസി
യുടെ ലൈസൻസ് കുറച്ചു കാലം മരവിപ്പിക്കുന്നതിൽ കേസ് ഒതുങ്ങും.