കല്ലമ്പലം: വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാക്കളെ കത്തിയും ഇരുമ്പ് വടിയും കൊണ്ട് ആക്രമിച്ച് പരിക്കേല്പിച്ച സംഘത്തിലെ നാലുപേർ കൂടി അറസ്റ്റിൽ. ചെമ്മരുതി കുന്നത്തുമല സ്വദേശികളായ കളിയിൽ വീട്ടിൽ മനു (38), പൊയ്കവിള വീട്ടിൽ സാജൻ (27), ചരുവിള വീട്ടിൽ അജിത്ത് (28), കല്ലുവിള പുത്തൻ വീട്ടിൽ ശ്രീജിത്ത് (29) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കുന്നത്തുമല കളിയിൽവിള വീട്ടിൽ പ്രസാദിനെ (32) നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ 9ന് ഞെക്കാട് വലിയവിള ദുർഗാദേവീ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ചെമ്മരുതി വലിയവിള സ്വദേശി വിപിനെയും സുഹൃത്തുക്കളെയുമാണ് പ്രതികൾ ആക്രമിച്ചത്. സംഭവശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം സി.ഐ ഫറോസ്. ഐ, എസ്.ഐമാരായ ഗംഗാപ്രസാദ്, അനിൽ ആർ.എസ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.