തൃശൂർ: പൂങ്കുന്നം ചക്കാമുക്കിലെ വാടകവീട്ടിൽ ഹൈടെക് രീതിയിൽ ചാരായം വാറ്റും വിൽപ്പനയും നടത്തിവന്ന രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഇവരിൽ നിന്ന് 200 ലിറ്റർ ചാരായവും 3,000 ലിറ്റർ വാഷും പിടിച്ചെടുത്തു. വരന്തരപ്പിള്ളി തെക്കുംമുറി ഇല്ലിക്കൽ വീട്ടിൽ എസ്. രാജേഷ് (29), അളഗപ്പനഗർ കലക്കാടൻ വീട്ടിൽ വിഷ്ണു (25) എന്നിവരെയാണ് അസി. കമ്മിഷണർ വി.എസ്. സലിമിന്റെയും എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കൃഷ്ണകുമാറിന്റെയും നേതൃത്വത്തിൽ ഇന്നലെ രാത്രി ഏഴോടെ അറസ്റ്റ് ചെയ്തത്.
60 ലിറ്റർ ശേഷിയുള്ള രണ്ട് പ്രഷർ കുക്കറുകൾ, ഇതിനുള്ളിൽ കോപ്പർ കോയിൽ എന്നിവ ക്രമീകരിച്ച് മുറിക്കുള്ളിൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാണ് വാറ്റുന്നതെന്ന് പ്രതികൾ മൊഴി നൽകി. രാജേഷ് ഖത്തറിൽ നിന്നും വന്ന ശേഷമാണ് വൈഭവ് ക്ലീനിംഗ് സൊലൂഷൻസ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയത്. ഹൈടെക് രീതിയിലുളള വാറ്റ് കേന്ദ്രമാണിത്. വിദേശത്തും ഇത്തരത്തിൽ വാറ്റ് നടത്തിയിരുന്നതായി ഇയാൾ മൊഴി നൽകി.
മണമില്ലാതിരിക്കാൻ ശർക്കരയ്ക്ക് പകരം പഞ്ചസാരയും യീസ്റ്റും പഴങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചത്. ഇരുപതിലധികം വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. സീൽ ചെയ്ത കുപ്പികളിലാക്കി ഫ്ളോർ ക്ലീനർ എന്ന വ്യാജേന ഓട്ടോറിക്ഷകളിലാണ് ചാരായം വിൽപ്പന നടത്തിയിരുന്നത്. വാക്വം ക്ലീനർ, തിന്നർ എന്നിവയുടെ മറവിലായിരുന്നു കച്ചവടമെന്ന് എക്സൈസ് വ്യക്തമാക്കി. ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് വിതരണം.
ജനവാസ കേന്ദ്രത്തിലെ വ്യാജന്റെ വിൽപ്പന സംബന്ധിച്ച് മറ്റുള്ളവർക്ക് അറിയുമായിരുന്നില്ല. രഹസ്യവിവരം ലഭിച്ചതോടെയാണ് റെയ്ഡ് നടത്തിയത്. ഇവർക്ക് വിൽപ്പനയ്ക്ക് വ്യാപകമായ കണ്ണികളുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. കോട്ടപ്പുറം മറവഞ്ചേരി ലെയിനിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഇരുനില വീടിന്റെ താഴെനില പ്രതിമാസം 10,000 രൂപ വാടകയ്ക്ക് എടുത്താണ് കച്ചവടം. കഴിഞ്ഞ മൂന്നുമാസമായി വൈഭവ് എന്ന സ്ഥാപനം നിർബാധം പ്രവർത്തിച്ചുവരുകയായിരുന്നു. ഒരു കുപ്പി ചാരായത്തിന് 600 രൂപ നിരക്കിലാണ് വിറ്റിരുന്നത്. പ്രിവന്റീവ് ഓഫീസർ അബ്ദഗലി, രാജേഷ്, ഷിബു എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്, സന്തോഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.