കൊച്ചി : പ്രോസിക്യൂഷൻ അനുമതിയില്ലാതെ തനിക്കെതിരെ ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജി കോടതി ജനുവരി 25 നു പരിഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി.
സസ്പെൻഷനിലാണെങ്കിലും താൻ സർക്കാർ ഉദ്യോഗസ്ഥനാണെന്നും കുറ്റപത്രം നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതി വേണമെന്നുമാണ് ശിവശങ്കറിന്റെ വാദം. ഡിസംബർ 24 നാണ് അഡിഷണൽ കുറ്റപത്രം നൽകിയത്. അറസ്റ്റിലായി 60 ദിവസം കഴിയുന്നതിന് മുമ്പ് കുറ്റപത്രം നൽകിയില്ലെങ്കിൽ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിക്കുമായിരുന്നു. ഇതു തടയാനാണ് ഇ.ഡി തിരക്കിട്ട് കുറ്റപത്രം നൽകിയത്.