ശബരിമല: കൊവിഡ് സൃഷ്ടിച്ച ആശങ്കകൾക്കിടയിലും സുഗമമായി നടന്ന ശബരിമല തീർത്ഥാടനത്തിന് ഇന്ന് പരിസമാപ്തി. മകരവിളക്ക് അടിയന്തര ചടങ്ങുകൾ ഇന്നലെ രാത്രി മാളികപ്പുറത്തെ ഗുരുതിയോടെ സമാപിച്ചു. ഇന്ന് പുലർച്ചെ 5ന് നിർമ്മാല്യം, അഭിഷേകം, ഗണപതി ഹോമം എന്നിവയ്ക്ക് ശേഷം 6 മണിയോടെ തിരുവാഭരണ പേടകവുമായി വാഹക സംഘം പടിയിറങ്ങും. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ പ്രദീപ് കുമാർ വർമ്മയും സരേഷ് വർമ്മയും ദർശനം നടത്തും. തുടർന്ന് അയ്യപ്പസ്വാമിയെ ധ്യാന നിദ്ര യിലാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ഭസ്മാഭിഷക്തനാക്കി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. കൊവിഡ് സാഹചര്യത്തിൽ ഭക്തരുടെ ബാഹുല്യമില്ലാതെയായിരുന്നു തീർത്ഥാടനം. വരുമാനത്തിൽ കുറവുണ്ടായെങ്കിലും തീർത്ഥാടനം സുഗമമായി നടത്താൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ദേവസ്വം ബോർഡ്. മണ്ഡലകാലത്ത് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ദേവസ്വം ജീവനക്കാർ, പൊലീസ്, ദിവസ വേതനക്കാർ തുടങ്ങിയവർക്കിടയിൽ കൊവിഡ് പടർന്നതോടെ തീർത്ഥാടനം മുടങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ മൂലം രോഗം നിയന്ത്രണ വിധേയമാക്കി. തങ്ക അങ്കി ഘോഷയാത്ര, എരുമേലി പേട്ടതുള്ളൽ, തിരുവാഭരണ ഘോഷയാത്ര എന്നിവ കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. 1,64,414 പേരാണ് ഇൗ തീർത്ഥാടനകാലത്ത് ദർശനം നടത്തിയത്.