കൊല്ലം: കല്ലുവാതുക്കലിൽ സ്വകാര്യ പറമ്പിലെ കരിയിലകൾക്കിടയിൽ നിന്ന് ലഭിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്കൊരുങ്ങുന്നു. പ്രദേശവാസികളായ എട്ടുപേരുടെ പട്ടികയാണ് തയ്യാറാക്കിയത്.
കോടതി അനുമതിക്ക് കാത്തിരിക്കുകയാണ്. സ്വകാര്യത നിലനിറുത്തേണ്ടതിനാൽ പട്ടികയിൽ ഉള്ളവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവ ശേഷം പ്രദേശത്തെ ഒട്ടുമിക്ക ആളുകളുടെയും പാൽ, പത്രം വിതരണക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എട്ടുപേരുടെ പട്ടിക തയ്യാറാക്കിയത്.
മൊബൈൽ ടവർ ലൊക്കേഷനുമായി ബന്ധപ്പെട്ട് അന്ന് ഉണ്ടായിരുന്ന മൊബൈൽ നമ്പരുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതിൽ കുട്ടിയെ കണ്ടെത്തിയ സമയവുമായി ബന്ധപ്പെടുത്തി പ്രത്യേകം തരം തിരിച്ച് പുതിയ പട്ടിക തയ്യാറാക്കി. ഇതിലുള്ള എല്ലാവരെയും നേരിട്ടും ഫോണിലുമായി അന്വേഷണ സംഘം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.കല്ലുവാതുക്കൽ കുരിശുംമൂട് ഊഴായ്ക്കോട് പേഴുവിള വീട്ടിൽ ശശിധരന്റെ വീട്ടുപറമ്പിലെ കരിയിലകൾക്കിടയിൽ നിന്നാണ് ഈ മാസം 5ന് പുലർച്ചെ നവജാത ശിശുവിനെ കണ്ടെത്തിയത്. പ്രസവിച്ച് മണിക്കൂറുകൾക്കകം ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരുന്നു. പുക്കിൾക്കൊടിപോലും വേർപെട്ടിരുന്നില്ല. കരച്ചിൽകേട്ട് അയൽവാസികൾ നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിച്ചു. സംഭവത്തിൽ നരഹത്യയ്ക്ക് കേസെടുത്താണ് പൊലീസ് അന്വേഷണം നടക്കുന്നത്.