ന്യൂഡൽഹി: കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പത്താംവട്ട ചർച്ച ഇന്ന് നടക്കും. ഖലിസ്ഥാൻ ബന്ധമാരോപിച്ച് കർഷക നേതാക്കളിൽ ചിലർക്ക് എൻ.ഐ.എ നോട്ടീസ് നൽകിയത് യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
അതേസമയം പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധസമിതി നാളെ മുതൽ കർഷകരുമായുള്ള ചർച്ച തുടങ്ങും. സമിതിയുടെ ആദ്യ യോഗം ഇന്നലെ ചേർന്നു. കർഷകർ, സംസ്ഥാന സർക്കാരുകൾ, വിപണനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുമായി ചർച്ച ചെയ്തശേഷമുള്ള അഭിപ്രായങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നും തങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളല്ലെന്നും സമിതി അദ്ധ്യക്ഷൻ അനിൽഗാൻവത് വ്യക്തമാക്കി. സമരരംഗത്തുള്ള കർഷകരെ തങ്ങളുമായി ചർച്ചയ്ക്കുപ്രേരിപ്പിക്കാൻ പരമാവധി ശ്രമിക്കും. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള കിസാൻ പരേഡിൽ പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ തുടങ്ങിയവിടങ്ങിലെ ഗ്രാമങ്ങളിൽ നിന്നടക്കമുള്ള കർഷകർ ട്രാക്ടറുകളുമായി അണിനിരക്കും. ഒരു ലക്ഷം ട്രാക്ടറുകളുമായി റാലി നടത്താനാണ് സംഘടനകളുടെ നീക്കം. ഔട്ടർ റിംഗ് റോഡിൽ 60 കിലോമീറ്റർ ദൈർഘ്യത്തിൽ ഡൽഹിക്ക് ചുറ്റുമായിരിക്കും റാലി. പരേഡിന്റെ വിശദാംശങ്ങളറിയാൻ കർഷകനേതാക്കളുമായി ഡൽഹി പൊലീസ് ചർച്ച നടത്തിയെങ്കിലും അനുമതി നൽകുന്ന കാര്യത്തിൽ ഒന്നും വ്യക്തമാക്കിയിട്ടില്ല.