ന്യൂഡൽഹി: ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വാക്സിനെടുക്കുന്നതിൽ നിന്ന് ഒഴിവാകുന്നത് ദുഃഖകരമാണെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ.വി.കെ പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വാക്സിൻ സ്വീകരിക്കുന്നതിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ മടികാണിക്കരുത്. വാക്സിന്റെ സുരക്ഷ സംബന്ധിച്ച കിംവദന്തികൾക്ക് ചെവികൊടുക്കരുത്. നേരിയ പാർശ്വഫലങ്ങൾ സാധാരണമാണ്. കുത്തിവയ്പ്പെടുക്കുന്നവരെ പിന്തിരിപ്പിക്കരുത്.കൊവിഷീൽഡും കൊവാക്സിനും സുരക്ഷിതമാണ്. വാക്സിൻ സ്വീകരിച്ച് ആരോഗ്യപ്രവർത്തകർ മാതൃകയാവണം.പാർശ്വഫലങ്ങൾ സംബന്ധിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണ്.കൂപ്പുകൈയോടെ പറയുകയാണ്. താൻ കൊവാക്സിൻ സ്വീകരിച്ചതാണ്. പാർശ്വഫലമൊന്നും അനുഭവപ്പെട്ടില്ല. മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്സിനേഷൻ കൂടിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് 4.4 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതര പാർശ്വഫലങ്ങൾ നേരിടാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൊവിഷീൽഡ് വേണോ, കൊവാക്സിൻ വേണോയെന്ന് സംസ്ഥാനങ്ങളാണ് തീരുമാനിക്കുന്നത്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന വാക്സിനാണ് കേന്ദ്രം നൽകുന്നത്. കൊവാക്സിൻ സ്വീകരിക്കുന്നവരെ ദിവസവും ഡോക്ടർ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ട്.
പ്രതിരോധശേഷി കുറഞ്ഞവർ കൊവാക്സിൻ ഉപയോഗിക്കരുത്
പ്രതിരോധശേഷി കുറഞ്ഞവർ കൊവാക്സിൻ സ്വീകരിക്കരുതെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ മുന്നറിയിപ്പ്.പ്രതിരോധശേഷി കുറയാനിടയാക്കുന്ന മരുന്നുകൾ കഴിക്കുന്നവർ, അലർജിയുള്ളവർ,പനിയുള്ളവർ,ഗർഭിണികൾ, മുലയൂട്ടന്നുവർ, മറ്റ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർ എന്നിവരും കൊവാക്സിൻ സ്വീകരിക്കരുതെന്നും കമ്പനി വ്യക്തമാക്കി.
6 രാജ്യങ്ങളിലേക്ക് സൗജന്യമായി വാക്സിൻ കയറ്റുമതി
6 രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിൻ ഇന്ത്യ സൗജന്യമായി കയറ്റുമതി ചെയ്യും. ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷൽസ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ന് മുതൽ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആഭ്യന്തര ആവശ്യം കൂടി പരിഗണിച്ച് ഘട്ടംഘട്ടമായാണ് വിതരണം. ശീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഉടൻ കയറ്റി അയയ്ക്കും. അവിടെ നിന്നുള്ള അനുമതി കാത്തിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.
മാലിദ്വീപ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് കൊവാക്സിനും നേപ്പാൾ, ഭൂട്ടാൻ, സീഷൽസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് കൊവിഷീൽഡ് വാക്സിനുമാണ് നൽകുക എന്നാണ് റിപ്പോർട്ടുകൾ. നിരവധി രാജ്യങ്ങൾ വാക്സിൻ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.നേരത്തെ ഹൈഡ്രോക്ലോറോക്വിൻ ഉൾപ്പെടെയുള്ള മരുന്നുകൾ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.