കോട്ടയം: ബി ജെ പിയുമായി എൻ എസ് എസ് കൂടുതൽ അടുക്കുന്നു എന്നതരത്തിലുളള ചർച്ചകൾ തളളി എൻ എസ് എസ് നേതൃത്വം. സംഘടനയുടെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നുമാണ് നേതൃത്വം പറയുന്നത്. മന്നം ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദമന്ത്രി അമിത്ഷായും ആശംസ അറിയിക്കുകയും അതിന് എൻ എസ് എസ് നന്ദിരേഖപ്പെടുത്തുകയും ചെയ്തതോടെയാണ് ഇത്തരത്തിലുളള ചർച്ചകൾ സജീവമായത്. മോദിയുടെയും അമിത്ഷായുടെയും സന്ദേശങ്ങൾ ചേർത്ത് എൻ എസ് എസ് മുഖപത്രമായ സർവീസിൽ വന്ന മുഖപ്രസംഗം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്തത് ചർച്ചകൾക്ക് ആക്കം കൂട്ടി. ഇതോടെയാണ് എൻ എസ് എസ് നയം വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും ജനറൽ സെക്രട്ടറി നന്ദി അറിയിച്ചത് എൻ എസ് എസ് തങ്ങളോട് അടുക്കുന്നതിന്റെ സൂചനയായാണ് ബി ജെ പി നേതൃത്വം വ്യാഖ്യാനിക്കുന്നത്. ശബരിമല പ്രശ്നത്തോടെ നായർ സമുദായത്തിലെ കൂടുതൽപ്പേർ ബി ജെ പിയോട് അടുത്തിരുന്നു.
പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ചതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് എൻ എസ് എസ് പറയുന്നത്. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ചത് ഔപചാരികതയുടെ പേരിലാണെന്നും എൻ എസ് എസ് അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന അതേ നിലപാട് തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുക എന്നും എൻ എസ് എസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അദ്ധ്യക്ഷനായി നിശ്ചയിച്ച കോൺഗ്രസിന്റെ തീരുമാനം എൻ എസ് എസുമായി അടുക്കാനുളള നീക്കം കൂടുതൽ സുഗമമാക്കുമെന്നാണ് ബി ജെ പി കരുതിയിരുന്നു.എൻ എസ് എസിനെ തങ്ങളോട് കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായി മറ്റുചില നീക്കങ്ങളും ബി ജെ പി അണിയറയിൽ ഒരുക്കിയിരുന്നു. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തുകയാണെങ്കിൽ മന്നം സമാധിയിൽ അദ്ദേഹത്തെക്കൊണ്ട് പുഷ്പാർച്ചന നടത്തിപ്പിക്കാനുളള ആലോചനയും പാർട്ടിക്കുണ്ടായിരുന്നു.
ബി ജെ പിയോട് അനുകൂലമാണെന്ന നിലപാട് എൻ എസ് എസ് നേതൃത്വം തളളിയെങ്കിലും എൻ എസ് എസ് അംഗങ്ങളിൽ ഭൂരിപക്ഷവും തങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കും എന്ന പ്രതീക്ഷയിലാണ് ബി ജെ പി.