തിരുവനന്തപുരം: സി എ ജി സംസ്ഥാന സർക്കാരിന്റെ വികസനം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സർക്കാരിന്റെ ഭാഗം കേൾക്കാത്ത റിപ്പോർട്ടാണ് സി എ ജി സമർപ്പിച്ചത്. സർക്കാരിന്റെ മുന്നോട്ടുളള പ്രയാണത്തെ പിറകോട്ട് വലിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുളളത്. റിപ്പോർട്ട് ചട്ടവിരുദ്ധമാണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
സി എ ജിയെ ഇഴകീറി പരിശോധിക്കാനുളള അവസരമാണ് ഇതോടെ സർക്കാരിന് ലഭിക്കുന്നത്. പന്ത്രണ്ടര മണി മുതൽ ഒന്നര മണിക്കൂറാണ് ചർച്ചയ്ക്ക് അനുമതി. വി ഡി സതീശൻ എം എൽ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കിഫ്ബി 2018–19 സാമ്പത്തിക വർഷത്തിൽ നടത്തിയ മസാല ബോണ്ടുകൾ വിറ്റഴിച്ചതുൾപ്പെടെയുളള കടമെടുപ്പ് ബഡ്ജറ്റിന് പുറത്തുളള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നുമുളള സി എ ജി റിപ്പോർട്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് വി ഡി സതീശൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി.