ലഖ്നൗ: നിയമസഭയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രത്തോടൊപ്പം സവർക്കറുടെ ചിത്രം വച്ചതിനെ ചൊല്ലി ഉത്തർപ്രദേശിൽ വൻ പ്രതിഷേധം. യുപി നിയമസഭയായ വിധാൻ പരിഷത്തിലാണ് സർക്കറുടെ ചിത്രം സ്ഥാപിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്നലെ സഭാ ഗാലറിയിൽ ചിത്രം സ്ഥാപിച്ചത്.
സംഭവത്തിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും വലിയ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ചിത്രം എത്രയും പെട്ടെന്നുതന്നെ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് എംഎൽസി ദീപക് സിംഗ് ലെജിസ്ളേറ്റീവ് കൗൺസിൽ ചെയർമാൻ രമേശ് യാദവിന് കത്തുനൽകി. ചിത്ര ഗാലറിയിലല്ല ബിജെപി ഓഫീസിലാണ് സവർക്കറുടെ ചിത്രം സ്ഥാപിക്കേണ്ടതെന്നും ദീപക് സിംഗ് നൽകിയ കത്തിൽ പറയുന്നു.
ബ്രിട്ടീഷുകാരോട് സവർക്കർ മാപ്പിരന്നതിനെ കുറിച്ചും ജയിൽ മോചിതനായതിനെ കുറിച്ചും രാജ്യത്തെ ജനങ്ങൾക്ക് മുഴുവനറിയാമെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ബിജെപി ചരിത്രം പഠിക്കണമെന്നും സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രണ്ടുവട്ടം കഠിനതടവ് അനുഭവിച്ച മഹാനാണ് സവർക്കറെനന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞവർഷം കർണാടകയിലെ ബംഗളുരുവിൽ പുതുതായി ഉദ്ഘാടനം ചെയ്ത മേൽപ്പാലത്തിന് സവർക്കറുടെ പേര് നൽകിയിരുന്നു. മറ്ര് സ്വാതന്ത്ര്യ സമര സേനാനികൾക്ക് ലഭിച്ച ആദരം സവർക്കർക്ക് ലഭിച്ചില്ലെന്ന് അന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അഭിപ്രായപ്പെട്ടിരുന്നു. പാലത്തിന് സവർക്കറുടെ പേര് നൽകിയതിനെതിരെ കോൺഗ്രസും ജനതാദൾ സെക്യുലറും പരാതിപ്പെട്ടിരുന്നു.