തിരുവനന്തപുരം:ഈ സർക്കാരിന്റെ ഭരണകാലത്ത് മന്ത്രിമന്ദിരങ്ങൾ മാേടികൂട്ടാനായി സർക്കാർ ചെലവാക്കിയത് രണ്ടുകോടിയോളം രൂപ. കൃത്യമായി പറഞ്ഞാൽ192.52 ലക്ഷം രൂപ. ഇതിൽ ഏറ്റവും കൂടുതൽ ചെലവാക്കിയത് മുഖ്യമന്ത്രിയാണ്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാനായി 29.22 ലക്ഷം രൂപയാണ് മുഖ്യമന്ത്രി ചെലവാക്കിയത്. രണ്ടാം സ്ഥാനത്തുളളത് കടന്നപ്പള്ളി രാമചന്ദ്രനാണ്. 23.41ലക്ഷം രൂപയാണ് കടന്നപ്പള്ളി ചെലവാക്കിയത്. ഏറ്റവും കുറച്ച് പണം ചെലവഴിച്ചത് സി. രവീന്ദ്രനാഥാണ് -1.37 ലക്ഷം.
ക്ലിഫ് ഹൗസിൽ ഏറ്റവും കൂടുതൽ തുക ഫർണിച്ചർ വാങ്ങാനാണ് ചെലവാക്കിയത്. 13.11 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 2.07 ലക്ഷം രൂപ കർട്ടനും പൊതുമരാമത്ത് ജോലികൾക്കായി 9.56 ലക്ഷവും വൈദ്യുതീകരണ ജോലികൾക്ക് 4.50 ലക്ഷവും ചെലവഴിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 4.07 ലക്ഷം രൂപയാണ് ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചത്. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ 52,000 രൂപ ചെലവഴിച്ചു. ഇതിനൊപ്പം ചീഫ് സെക്രട്ടറി താമസിക്കുന്ന മന്ദിരത്തിന്റെ അറ്റകുറ്റപ്പണിക്കായി 3.17 ലക്ഷവും ചെലവഴിച്ചു. വിവരാവകാശത്തിനുളള മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉളളത്.
മന്ത്രിമാരും ചെലവഴിച്ച തുകയും(ലക്ഷത്തിൽ): മുഖ്യമന്ത്രി പിണറായി വിജയൻ - 29.22, കടന്നപ്പള്ളി രാമചന്ദ്രൻ-23.41, കടകംപള്ളി സുരേന്ദ്രൻ - 18.50, എം.എം. മണി - 13.81, ഇ.പി. ജയരാജൻ - 13.57, കെ. കൃഷ്ണൻകുട്ടി - 11.25, തോമസ് ഐസക് - 9.81, ടി.പി. രാമകൃഷ്ണൻ - 8.14, കെ.കെ. ശൈലജ - 7.74, പി. തിലോത്തമൻ - 7.66, എ.സി. മൊയ്തീൻ - 7.43, കെ. രാജു - 6.56, എ.കെ. ബാലൻ - 6.26, ഇ. ചന്ദ്രശേഖരൻ - 6.13, എ.കെ. ശശീന്ദ്രൻ - 6.23, ജെ. മേഴ്സിക്കുട്ടിയമ്മ - 5.71, കെ.ടി. ജലീൽ - 3.93, വി.എസ്. സുനിൽകുമാർ - 3.14, ജി. സുധാകരൻ-2.65, സി. രവീന്ദ്രനാഥ്-1.37.