ന്യൂഡൽഹി: ബി ജെ പിയുടെ രാഷ്ട്രീയ ചാണക്യൻ അമിത്ഷാ അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ പകരം എത്തിയ ജെ പി നദ്ദ ഷായോളം വരുമോയെന്ന് പലരും സംശയിച്ചിരുന്നു. അദ്ധ്യക്ഷ സ്ഥാനത്ത് നദ്ദ ഇന്ന് കൃത്യം ഒരു വർഷം പൂർത്തിയാക്കുകയാണ്. പ്രവർത്തകരുടേയും നേതാക്കളുടെയും വിശ്വാസം ഒരുപോലെ പിടിച്ചുപ്പറ്റിയ നദ്ദ താൻ കരുത്തനായ പ്രസിഡന്റാണെന്ന് പറയാതെ പറയുകയാണ്. വാക്കുകളെക്കാൾ പ്രവർത്തിയിലാണ് കാര്യമെന്ന് ഉറച്ച് വിശ്വസിക്കുന്ന നേതാവായ നദ്ദ അത് കഴിഞ്ഞ ഒരു വർഷം കൊണ്ട് തെളിയിക്കുകയും ചെയ്തു.
ബീഹാറിലെ കടുത്ത നിയമസഭ പോരാട്ടത്തിനൊടുവിൽ വിജയത്തിന്റെ ക്രെഡിറ്ര് സാക്ഷാൽ മോദി നൽകിയത് നദ്ദയ്ക്കാണ്. വോട്ടെടുപ്പ് ഫലം പാർട്ടി പ്രസിഡന്റിന്റെ നേതൃത്വത്തിന്റെയും അദ്ദേഹം നടത്തിയ തന്ത്രങ്ങളുടെയും ഫലമാണെന്നായിരുന്നു മോദി പറഞ്ഞത്. ചുരുക്കം ചിലർക്ക് മാത്രം ഉന്നത സ്ഥാനത്തേക്ക് എത്താൻ പറ്റുന്ന പാർട്ടിയെന്നാണ് ബി ജെ പി സ്വയം വിശേഷിപ്പിക്കുന്നത്. ആ പാർട്ടിയുടെ പ്രധാനമന്ത്രി നദ്ദയ്ക്ക് നൽകിയ അഭിനന്ദനം അദ്ദേഹത്തിന്റെ നേതൃത്വത്തിന് നൽകിയ രാഷ്ട്രീയ അംഗീകാരമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
പല സംസഥാനങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് വിജയം അടക്കമുളളവ നേതൃത്വത്തിന്റെ അളവുകോലായാണ് കണക്കാക്കപ്പെട്ടത്. 12 മാസം ഹോട്ട് സീറ്റിലിരുന്ന നദ്ദയ്ക്ക് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും അവകാശപ്പെടാൻ സാധിക്കും. 11 സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളും എട്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുമാണ് ഒരു വർഷത്തിനുളളിൽ നദ്ദ നേരിട്ടത്.
നദ്ദാജിയുടെ നേതൃത്വത്തിലാണ് താമര കാശ്മീരിൽ വിരിഞ്ഞ് തെക്കോട്ടും വടക്കുകിഴക്കൻ ഭാഗത്തേക്കും വ്യാപിച്ചത് എന്നാണ് മുൻ മന്ത്രിയും ദേശീയ വക്താവുമായ ഷാനവാസ് ഹുസൈന്റെ അഭിപ്രായം.
242 ജില്ലാ പഞ്ചായത്തുകളുളളതിൽ 184 ഇടത്താണ് ബി ജെ പി അരുണാചൽ പ്രദേശിൽ ജയിച്ചത്. ഗുജറാത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും തെലങ്കാനയിലെ ഉപതിരഞ്ഞെടുപ്പിലും എട്ട് സീറ്റുകൾ പാർട്ടി നേടി. ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി ഏഴ് സീറ്റുകളിൽ ആറെണ്ണവും ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിൽ 48 സീറ്റുകളും നേടി ചരിത്രം സൃഷ്ടിച്ചു. ജമ്മു കാശ്മീരിലും ഈ വിജയം ആവർത്തിക്കാൻ നദ്ദയ്ക്കായി.
എ ബി വി പി വഴി രാഷ്ട്രീയ ഇന്നിംഗ്സ് ആരംഭിച്ച 60കാരൻ നദ്ദയ്ക്ക് പ്രസിഡന്റ് പദവി സുഗമമായിരുന്നില്ല. 2019 ജൂണിൽ ബി ജെ പിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിതനായ ഉടൻ തന്നെ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നു. പഴയ സഖ്യകക്ഷിയായ ശിവസേനയുമായുളള ഏറ്റുമുട്ടലിനുശേഷം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബി ജെ പിക്ക് കഴിഞ്ഞില്ല. പാർട്ടിക്ക് ജാർഖണ്ഡിൽ അധികാരം നഷ്ടപ്പെടുകയും ചെയ്തു. ഡൽഹിയിൽ ആം ആദ്മിയുടെ കൈയിൽ നിന്ന് ഭരണം പിടിച്ചെടുക്കാനും പാർട്ടിക്ക് സാധിച്ചില്ല. ഈ പ്രതിസന്ദികൾക്കിടെ ആയിരുന്നു നദ്ദയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്കുളള വരവ്. തൊട്ടുപിന്നാലെ രാജ്യമൊട്ടാകെ പരന്ന കൊവിഡ് നദ്ദയേയും പിടികൂടി.
അമിത്ഷായുടെ കൈയിൽ നിന്ന് നദ്ദ പ്രസിഡന്റ് പദവി സ്വീകരിച്ച് ഒരു വർഷം കഴിഞ്ഞെങ്കിലും പാർട്ടിയിൽ ഇതുവരെ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഷായുടെ അതേ ശൈലി തന്നെയാണ് നദ്ദയ്ക്കും ഉളളത്. നിതിൻ ഗഡ്കരി പാർട്ടി അദ്ധ്യക്ഷനായ സമയത്താണ് നദ്ദ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. കർണാടക ഉൾപ്പടെ പല സംസ്ഥാനങ്ങളിലും അന്ന് നദ്ദയുടെ നേതൃ മികവ് പാർട്ടി നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. പാർട്ടി ഇനിയും അധികാരത്തിൽ എത്താത്ത കേരളവും കൊൽക്കത്തയും തമിഴ്നാടും അടക്കമുളള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പാണ് നിലവിൽ നദ്ദയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി.