ആഢംബര ജീവിതത്തിന് പേര് കേട്ട നാടാണ് മാലി ദ്വീപ്. ഇവിടെ സഞ്ചാരികൾക്കായി നിരവധി ആഢംബര താമസസൗകര്യങ്ങൾ ഉണ്ട്. ഇവയിൽ അധികവും സ്വകാര്യവ്യക്തികളുടെ കൈവശമാണുള്ളത്. കടലിനു നടുവിൽ അത്യാഢംബര സൗധം പണിത്, സ്വകാര്യവിമാനങ്ങളിൽ പറന്നെത്തുന്ന കോടീശ്വരന്മാരുടെ എണ്ണം ഇവിടെ നാൾക്കുനാൾ വർദ്ധിക്കുകയാണ്. അത്തരത്തിലൊരു ആഢംബര ദ്വീപാണ് ഇത്താഫുഷി ദ്വീപിലെ വാൽഡോഫ് ആസ്റ്റൊറിയ മാൽദീവ്സ് ഇത്താഫുഷി റിസോർട്ട്. 32,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപ് മാലദ്വീപിലെ ഏറ്റവും വലിയ സ്വകാര്യ ദ്വീപാണെന്നാണ് പറയപ്പെടുന്നത്. ഒരു രാത്രി ഇവിടെ താമസിക്കാൻ 80,000 ഡോളർ അഥവാ 58,43,360 ഇന്ത്യൻ രൂപയാണ് വാടക! മൂന്ന് കെട്ടിടങ്ങളിലായി 24 അതിഥികൾക്ക് ഈ ദ്വീപിൽ താമസിക്കാൻ കഴിയും. മാലദ്വീപ് ശൈലിയിലാണ് കെട്ടിടങ്ങളും ക്രമീകരണങ്ങളും നിർമ്മിച്ചിട്ടുള്ളത്. ഇൻഡോർ, ഔട്ട്ഡോർ റെയിൻ ഷവറുകൾ ഉള്ള ടു ബെഡ്റൂം ഓവർവാട്ടർ വില്ല, പൊതു സ്വീകരണമുറി, ഇൻഫിനിറ്റി പൂൾ, ജാക്കുസി, രണ്ട് നീന്തൽക്കുളങ്ങൾ എന്നിവയുള്ള ത്രീ ബെഡ്റൂം ബീച്ച് വില്ല, രണ്ട് കിംഗ് ബെഡ്റൂമും രണ്ട് ക്വീൻ ബെഡ്റൂമും ജാക്കുസി, കോമൺ ലിവിങ് ഏരിയ എന്നിവയും ഉള്ള ഫോർ ബെഡ്റൂം വില്ല എന്നിവയുമാണ് ഇവിടെയുള്ളത്.
എല്ലാ വില്ലകളിൽനിന്നും ബീച്ചിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തലസ്ഥാനമായ മാലെയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇവിടേക്ക് എത്തിച്ചേരാൻ എളുപ്പമാണ്. റിസോർട്ടിന്റെ ആറ് വിനോദക്കപ്പലുകളിൽ ഏതെങ്കിലുമൊന്നിൽ 40 മിനിറ്റ് യാത്ര ചെയ്താൽ ദ്വീപിലെത്താം. സീപ്ലെയിൻ യാത്ര വേണമെന്നുള്ളവർക്ക് 15 മിനിറ്റ് ഫ്ളൈറ്റ് ഓപ്ഷനും ലഭ്യമാണ്.
പ്രത്യേകം ഡിസൈൻ ചെയ്ത പത്തോളം ഡൈനിംഗ് ഇടങ്ങളാണ് റിസോർട്ടിന്റെ മറ്റൊരു സവിശേഷത. ഇവയിലേക്ക് യാത്ര ചെയ്യാൻ ബോട്ടുകളുമുണ്ട്. കൂടാതെ ജലവിനോദങ്ങൾ, ഓവർവാട്ടർ സ്പാ, യോഗ പവലിയൻ, ജിം മുതലായവയും കുട്ടികൾക്കായി മാത്രം പ്രത്യേക പൂളും ഗെയിമും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് മാലദ്വീപിലേക്കെത്തുന്നത്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് മാലദ്വീപിന്റെ ജി.ഡി.പിയുടെ മൂന്നിൽ രണ്ട് ഭാഗവും ടൂറിസത്തിൽനിന്നാണ്. യാത്രയെ ഇഷ്ടപ്പെടുന്നവർ, പ്രത്യേകിച്ച് ബീച്ചുകൾ ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ആഢംബരത്തിന്റെ പര്യായമായ മാലദ്വീപ്.