കൊല്ലം: കടലാഴങ്ങളിൽ തോക്കും കാമറയുമായി മുങ്ങുന്നതെന്തിനെന്ന് കണ്ടുനിൽക്കുന്നവർ അന്തംവിട്ടുനിൽക്കേ, കൈയിൽ പിടയ്ക്കുന്ന മീനുമായി പൊന്തിവരും ഷിബു.
കടലിൽ മുങ്ങി വെടിവച്ച് മീൻപിടിക്കുന്നതിലാണ് ഹരം.
സ്കൂബാ ഡൈവിംഗും സ്പിയർ ഗൺ മീൻപിടിത്തവും മലയാളിക്ക് അത്ര പരിചിതമല്ലെങ്കിലും കൊല്ലം തൃക്കടവൂർ, കുരീപ്പുഴ, ലില്ലിഭവനിൽ ഷിബു ജോസഫ് സേവ്യർ (29) അതു ശീലമാക്കിയിട്ട് വർഷങ്ങളായി.
ചെറുപ്പത്തിൽ അപ്പാപ്പനാണ് (മാതൃപിതാവ്) കടലിനടിയിലെ വിസ്മയലോകം കാട്ടിക്കൊടുത്തത്. അന്ന് മുതൽ കടൽ വല്ലാതെ മോഹിപ്പിച്ചു. ആറുവർഷം മുൻപ് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിൽ നിന്ന് സ്കൂബാ ഡൈവിംഗ് പഠിച്ചിറങ്ങിയതോടെ കടലിനടിയിലേക്ക് ഊളിയിടുന്നത് വിനോദമാക്കി.
നാലുവർഷം മുൻപ് സ്പിയർ ഗൺ സ്വന്തമാക്കിയതോടെ അടിത്തട്ടിലെ മീനുകളെ പിടിക്കാൻ തുടങ്ങി. ഇവ വിൽക്കാറില്ല. വീട്ടുകാരും പരിചയക്കാരും പങ്കിട്ടെടുക്കും.
ഒാക്സിജൻ സിലിണ്ടർ ഉപയോഗിക്കാതെ മാസ്ക് ധരിച്ചാണ് മുങ്ങുന്നത്. മൂന്നാൾ താഴ്ചവരെ പോയി നാല് മീറ്റർ വരെ അകലത്തിലുള്ള മീനുകളെ പിടികൂടിയിട്ടുണ്ട്. വളവോട്, പാര, അമൂർ, പൈമീൻ തുടങ്ങി വലിപ്പമേറിയ മത്സ്യങ്ങളെയാണ് പിടിക്കുന്നത്. മൂന്നര കിലോയുടെ വളവോട് മത്സ്യമാണ് പിടികൂടിയതിൽ വലുത്. കൊല്ലത്ത് ഡൈവിംഗ് പഠനകേന്ദ്രം സ്ഥാപിക്കണമെന്നതാണ് ജീവിതാഭിലാഷം. ജോളിയാണ് ഭാര്യ. രണ്ടുവയസുകാരൻ ഏദൻ ജോസഫ് മകനും.
സ്പിയർ ഗൺ
നാടൻ തോക്കെന്ന് തോന്നിപ്പിക്കുന്നതാണ് സ്പിയർ ഗൺ. മുൻവശത്ത് ഒന്നര അടി നീളത്തിൽ സ്റ്റീൽ അമ്പുണ്ട്. മത്സ്യത്തിന് നേരെ കാഞ്ചിവലിക്കുമ്പോൾ അമ്പ് പായും. അമ്പ് തോക്കിലെ പ്ളാസ്റ്റിക് നൂലുമായി ബന്ധിച്ചിരിക്കും. നൂൽ തിരിച്ചുപിടിക്കുന്നതോടെ അമ്പും മീനും കൈകളിലെത്തും.
'മുങ്ങൽ' എന്നും ഹരം
മത്സ്യബന്ധന ബോട്ടുകളിൽ ഉപയോഗിക്കുന്ന സ്റ്റീൽ റോപ്പുകൾ കൂട്ടിയിണക്കുന്നതാണ് വരുമാനമാർഗം. വലിയ ബോട്ടുകളുടെ പ്രൊപ്പെല്ലറിൽ കുരുങ്ങുന്ന വലയും മറ്റും മുങ്ങിയെടുക്കാനും പോകാറുണ്ട്.