അടൂർ മുതൽ ചെങ്ങന്നൂർ വരെ മാതൃകാ സുരക്ഷാ ഇടനാഴി നിർമ്മാണം പുരോഗമിക്കുന്നു
പന്തളം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽപ്പെടുത്തി അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള മാതൃകാ സുരക്ഷാ ഇടനാഴി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മാർച്ച് 31ന് മുമ്പ് പണി പൂർത്തീകരിക്കാനാണ് കരാറുകാരുടെശ്രമം.കഴിഞ്ഞ സെപ്തംബർ 11നാണ് മന്ത്രി ജി. സുധാകരൻ കുളനടയിൽ വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർമ്മാണോദ്ഘാടനം നടത്തിയത്.
കെ.എസ്.ടി.പിയുടെ എം.സി റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് മാതൃകാ സുരക്ഷാ ഇടനാഴി. കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള 78.65 കിലോമീറ്റർ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. അടൂർ മുതൽ ചെങ്ങന്നൂർ വരെ ബാക്കിയുള്ള 23.8 കി.മീറ്റർ ഭാഗമാണ് 90.81 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നത്.
ഒന്നാം ഘട്ട റോഡ് നിർമ്മാണം നടന്നപ്പോൾ പറന്തൽ മുതൽ കുളനട മാന്തുക വരെയുള്ള ഭാഗങ്ങളിൽ റോഡിന് വേണ്ടത്ര വീതിയെടുത്തിരുന്നില്ല. പലയിടത്തും പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ കൈവശം വച്ചത് പോലും അളന്നുതിട്ടപ്പെടുത്തി എടുത്തില്ല. പലതവണ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും പന്തളം ജംഗ്ഷനിൽ പോലും വീതി കൂട്ടുന്നതിന് വേണ്ടത്ര സ്ഥലം എടുക്കാതയാണ് അന്ന് റോഡ് നിർമ്മാണം നടത്തിയത്.
പദ്ധതി ഇങ്ങനെ
20.74 കിലോമീറ്റർ നീളത്തിൽ നടപ്പാത, ഓട നിർമ്മാണം,
15 കിലോമീറ്റർ പെഡെസ്ടിയൻ ഗാർഡ് റെയിൽ
6.7 കി. മീറ്റർ ക്രാഷ് ബാരിയർ
1.14 കി. മീറ്റർ സംരക്ഷണഭിത്തി
44 കലുങ്കുകളുടെ നിർമ്മാണം
20 കലുങ്കുകളുടെ പുനരുദ്ധാരണം
19 പ്രധാന ജംഗ്ഷനുകളുടെ നവീകരണം
72 ചെറിയ ജംഗ്ഷനുകളുടെ നവീകരണം
പന്തളം വലിയ പാലത്തിന്റെയും മൂന്ന് ചെറിയ പാലങ്ങളുടെയും പുനരുദ്ധാരണം
റോഡ് സുരക്ഷയ്ക്കായുള്ള റോഡ് മാർക്കിംഗുകൾ
ദിശാസൂചനാ ബോർഡുകൾ
വേഗതാനിയന്ത്രണ സംവിധാനങ്ങൾ