വാഷിംഗ്ടൺ: അമേരിക്കയുടെ ചരിത്രത്തിലാദ്യമാണ് ഒരു വനിത വൈസ് പ്രസിഡന്റ് പദവിയിലേറുന്നത്.
ഇന്ത്യൻ വംശജയായ കമല ഹാരിസാണ് ആ പദവി ഇനി അലങ്കരിക്കുന്നത് എന്നോർക്കുമ്പോൾ തന്നെ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുകയാണ്. യു.എസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വർഗ്ഗക്കാരി, ആദ്യ ഇന്തോ - അമേരിക്കൻ വംശജ എന്നീ പട്ടങ്ങളെല്ലാം ഇനി കമലയ്ക്ക് സ്വന്തം.
കമലയുടെ ജനനം
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും റിട്ടയേർഡ് ഇന്ത്യൻ സിവിൽ സർവീസുകാരനും തമിഴ്നാട് സ്വദേശിയുമായ പി.വി. ഗോപാലന്റെ കൊച്ചുമകളാണ് കമല ഹാരിസ്. തന്റെ 20ാം വയസിൽ ഉപരിപഠനത്തിനായി കാലിഫോർണിയയിൽ എത്തിയ പി.വി. ഗോപാലന്റെ മകൾ ശ്യമള ഗോപാലൻ ബ്രിട്ടീഷ് ജമൈക്കൻ വംശജനായ സ്റ്റാൻഫോർഡ് സാമ്പത്തിക വിഭാഗം പ്രൊഫസർ ഡൊണാൾഡ് ഹാരിസിനെ വിവാഹം കഴിച്ചു. ശ്യാമള - ഡൊണാൾഡ് ദമ്പതിമാരുടെ ആദ്യ പുത്രിയായി 1964 ഒക്ടോബർ 20ന് ഓക്ലൻഡിലാണ് കമലയുടെ ജനനം. കമലയ്ക്ക് ഏഴു വയസായപ്പോൾ ഇരുവരും വിവാഹമോചിതരായി.
പിന്നീട്, അമ്മ ശ്യാമളയോടൊപ്പം ആയിരുന്നു കമല വളർന്നത്. അറിയപ്പെടുന്ന പൗരാവകാശ പ്രവർത്തകയും കാൻസർ ഗവേഷകയും ആയിരുന്നു ശ്യാമള. കമലയ്ക്ക് മായ എന്നൊരു സഹോദരിയുമുണ്ട്. ഹൊവാഡ് സർവകലാശാലയിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയതിന് ശേഷം കമല ഹേസ്റ്റിംഗ്സിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി.
രാഷ്ട്രീയത്തിലേക്ക്
1990ൽ അലമേഡ കൗണ്ടിയിലെ ഡിസ്ട്രിക്ട് അറ്റോണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
2004 മുതൽ 2011 വരെ കമല ഹാരിസ് സാൻഫ്രാൻസിസ്കോ ജില്ലാ അറ്റോർണി.
2011 മുതൽ 2017 വരെ കാലിഫോർണിയ അറ്റോർണി ജനറൽ.
2017ൽ കാലിഫോർണിയയുടെ സെനറ്ററായി ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ-അമേരിക്കൻ വംശജയും രണ്ടാമത്തെ ആഫ്രോ- അമേരിക്കൻ വംശജയുമാണ്.
ഹോംലാൻസ് സെക്യൂരിറ്റി, ഗവൺമെന്റ് അഫയേഴ്സ് കമ്മിറ്റി, സെലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ്, കമ്മിറ്റി ഓൺ ദി ജുഡിഷ്യറി, കമ്മിറ്റി ഓൺ ദി ബഡ്ജറ്റ് എന്നിവയിലും സേവനം അനുഷ്ടിച്ചു.
നിലവിൽ കമ്മിറ്റി ഒഫ് ബഡ്ജറ്റ്, കമ്മിറ്റി ഒഫ് ജുഡിഷ്യറി എന്നിവ അടക്കം നാലു പ്രധാന സമിതികളിലെ അംഗമാണ്.
കമലയുടെ സെക്കൻഡ് ജന്റിൽമാൻ
2014ലാണ് കമല അഭിഭാഷകനായ ഡഗ്ലസ് എംഗോഫിനെ വിവാഹം ചെയ്തത്. കമലയുടെ രാഷ്ട്രീയ ജീവിതത്തിന് ശക്തമായ പിന്തുണയാണ് ഡഗ്ലസ് നൽകുന്നത്. കമല വൈസ് പ്രസിഡന്റായതോടെ അമേരിക്കയിലെ ആദ്യ സെക്കൻഡ് ജന്റിൽമാനായി മാറിയിരിക്കുകയാണ് ഡഗ്ലസ്. വൈസ് പ്രസിഡന്റിന്റെ ജീവിത പങ്കാളിയെ സൂചിപ്പിക്കുന്ന പദമാണിത്.
ഇന്ത്യയെ ഓർത്ത് കമല
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ അമ്മയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് കമലാ ഹാരിസ് രംഗത്തെത്തിയത്. തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ചെ പ്രസംഗത്തിൽ അവർ പരാമർശിച്ചു. തമിഴ്നാട്ടിലേക്കുള്ള അവളുടെ ബാല്യകാല യാത്രകളെക്കുറിച്ചും കമല വാചാലയായി.