ബെയ്ജിംഗ്: കറുത്തവസ്ത്രം ധരിച്ച്, കാമറയിൽ മാത്രം നോക്കി സംസാരിക്കുന്ന ജാക്ക് മാ. പതിവ് ചിരിക്കുപകരം കടുത്ത ഗൗരവഭാവം. ഇംഗ്ളീഷ് അദ്ധ്യാപകൻ കൂടിയായിരുന്ന മാ സംസാരിച്ചത് ചൈനീസ് ഭാഷയിൽ. വീഡിയോയുടെ പശ്ചാത്തലവും അവ്യക്തം. ഇതെല്ലാം ചൂണ്ടിക്കാട്ടിയ ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ജാക്ക് മാ ചൈനീസ് സർക്കാരിന്റെ തടവിലാണെന്ന വാദം ഉയർത്തിയിട്ടുണ്ട്.
ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷീ ജിൻപിംഗിനെയും കഴിഞ്ഞ ഒക്ടോബറിൽ ഷാങ്ഹായിൽ നടന്നൊരു പൊതുചടങ്ങിൽ മാ പരസ്യമായി വിമർശിച്ചിരുന്നു. താൻ കൂടി അംഗമായ പാർട്ടിയെയും അദ്ദേഹം വിമർശിച്ചു. ഇതിൽ പ്രകോപിതനായ ഷീ, നടപടികൾക്ക് നേരിട്ട് ഉത്തരവിടുകയായിരുന്നു.
ആലിബാബയ്ക്കെതിരെ 'ഇന്റർനെറ്റ് കുത്തക മേധാവിത്വം" ആരോപിച്ച് സർക്കാർ അന്വേഷണം തുടങ്ങി. ആന്റ് ഗ്രൂപ്പിന്റെ ലോക റെക്കാഡ് സൃഷ്ടിക്കുമായിരുന്ന 3,700 കോടി ഡോളറിന്റെ (ഏകദേശം 3 ലക്ഷം കോടി രൂപ) പ്രാരംഭ ഓഹരി വില്പനയും തടഞ്ഞു. മായോട് രാജ്യം വിടരുതെന്നും ഉത്തരവിട്ടിരുന്നു.
ഇതോടെ, ആലിബാബ ഗ്രൂപ്പിന്റെ ഓഹരിവിലയും ഇടിഞ്ഞു. ചൈനയിലെ ഏറ്റവും വലിയ ശതകോടീശ്വരനെന്ന പട്ടവും മായ്ക്ക് നഷ്ടമായി. മാ വീണ്ടും പൊതുവേദിയിലെത്തിയ വാർത്തകളെ തുടർന്ന് ഓഹരിവില ഇന്നലെ ആറു ശതമാനം മുന്നേറി. ആലിബാബ 500 മുതൽ 800 കോടി ഡോളർ വരെ കടപ്പത്ര വില്പനയ്ക്ക് ഒരുങ്ങവേയാണ് മാ വീണ്ടും പ്രത്യക്ഷപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്.
മാനവസേവകൻ മാ
ഗ്രാമീണ അദ്ധ്യാപകർക്ക് ആദരവുമായി മാ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയിലാണ് മാ പ്രത്യക്ഷപ്പെട്ടത്. വിദ്യാഭ്യാസം, മനുഷ്യസ്നേഹം എന്നിവയുടെ മൂല്യങ്ങളെ കുറിച്ചാണ് 50 സെക്കൻഡ് വീഡിയോയിൽ അദ്ദേഹം സംസാരിച്ചത്. കൊവിഡ് പിന്മാറിയശേഷം നേരിട്ട് കാണാമെന്നും അദ്ദേഹം പറയുന്നുണ്ട്.
ജാക്ക് മാ
ഇംഗ്ളീഷ് മാഷായിരുന്ന മാ, 1999ൽ കൂട്ടുകാരുമായി ചേർന്ന് ഒരു കൊച്ചുകൂരയിൽ തുടങ്ങിയ ഓൺലൈൻ സംരംഭമാണ് പിന്നീട്, ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായി വളർന്നത്. തിരോധാനത്തിന് മുമ്പ് 6,200 കോടി ഡോളറായിരുന്നു മായുടെ ആസ്തി. തുടർന്ന്, ആസ്തിയിൽ 1,200 കോടി ഡോളറിന്റെ ഇടിവുണ്ടായി. ബ്ളൂംബെർഗ് ആഗോള ശതകോടീശ്വര പട്ടികയിൽ 25-ാം സ്ഥാനത്താണ് മാ.