ന്യൂഡൽഹി: കർഷക സമരം ഒത്തുതീർക്കാൻ രൂപീകരിച്ച വിദഗ്ദ്ധ സമിതി അംഗങ്ങളെ പക്ഷപാതപരമായി സമീപക്കേണ്ടതില്ലെന്നും അംഗങ്ങൾ വളരെ പ്രഗത്ഭ്യമുള്ളവരാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. സമിതി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ മഹാപഞ്ചായത്ത് സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയക്കാൻ നിർദ്ദേശിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സമിതിയ്ക്ക് മുന്നിൽ ഹാജരാകുന്നതും പോകാതിരിക്കുന്നതുമെല്ലാം കർഷകരുടെ ഇഷ്ടമാണ്. എന്നാൽ സമിതി അംഗങ്ങളെ അപകീർത്തിപ്പെടുത്തുന്ന വിധം പ്രസ്താവന നടത്തുന്നത് തെറ്റായ രീതിയാണെന്നും കോടതി അറിയിച്ചു.
നിയമങ്ങൾ പിൻവലിക്കണമെന്ന കാര്യത്തിൽ കർഷകർക്ക് വ്യക്തമായി തീരുമാനമുണ്ടെന്നും അതിനാൽ തന്നെ സമിതിയ്ക്ക് മുന്നിൽ ഹാജരാകില്ലെന്നും കർഷക സംഘടനകൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവെ എന്നിവർ കോടതിയെ അറിയിച്ചു. ട്രാക്റ്റർ റാലി വിഷയത്തിൽ ഇടപെടണമെന്ന് അറ്റോർണി ജനറലും സോളിസിറ്റർ ജനറലും ആവശ്യപ്പെട്ടെങ്കിലും ഇടപെടില്ലെന്ന നിലപാട് ആവർത്തിച്ച സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച അപേക്ഷ പിൻവലിക്കാനും നിർദ്ദേശിച്ചു.