ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകൻ 16 മണിക്കൂറിന് ശേഷം മരിച്ചു.
42 വയസാണിയാൾക്ക്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിന് വാക്സിൻ കുത്തിവയ്പുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30നാണ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് 42കാരൻ സ്വീകരിച്ചത്. കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഇന്ന് രാവിലെ രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
മരണത്തിന് കുത്തിവെയ്പുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. കുത്തിവയ്പിന് ശേഷമുള്ള പാർശ്വഫലങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ തലത്തിൽ രൂപം നൽകിയ ജില്ലാ കമ്മിറ്റി സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.