ചർച്ച ചെയ്യാമെന്ന് കർഷകർ
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതോടെ കർഷക സമരം തൽക്കാലം ശമിക്കാനുള്ള സാദ്ധ്യത തെളിഞ്ഞതായി സൂചന.
നിയമം മരവിപ്പിക്കുന്നതിനൊപ്പം താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ പരിശോധിക്കാൻ കർഷകരും കേന്ദ്രസർക്കാർ പ്രതിനിധികളും ഉൾപ്പെട്ട സമിതി രൂപീകരിക്കാമെന്നും ഇന്നലത്തെ ചർച്ചയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ നിർദ്ദേശിച്ചു. ഇന്ന് പഞ്ചാബിലെ 32 കർഷക സംഘടനകളുടെ യോഗം ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. തുടർന്ന് സംയുക്ത കിസാൻ മോർച്ചയും ചർച്ചചെയ്യും. അടുത്ത ചർച്ച ജനുവരി 22ന് നടക്കും.
ശരിയായ ദിശയിലാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നും അടുത്ത യോഗത്തിൽ പ്രശ്നപരിഹാരത്തിന് സാദ്ധ്യതയുണ്ടെന്നും തോമർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒന്നര വർഷത്തേക്ക് നിയമം മരവിപ്പിക്കാമന്ന നിർദ്ദേശം കർഷകർ ഗൗരവമായി എടുത്തതിൽ സന്തോഷമുണ്ട്. അടുത്ത ചർച്ചയിൽ അവർ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം മരവിപ്പിക്കാമെന്ന സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കിസാൻ സഭ നേതാവ് ഹനൻമൊള്ളയും പറഞ്ഞു.
നിർദ്ദേശം ഇന്ന് സംയുക്ത കിസാൻ മോർച്ച ചർച്ച ചെയ്യും. അതിനർത്ഥം പുതിയ നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോയെന്നല്ലെന്ന് നേതാവ് ദർശൻ പാൽ അറിയിച്ചു. .
നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചതോടെ പത്താംവട്ട ചർച്ചയും അനിശ്ചിതത്തിലായിരുന്നു. നിരവധി കർഷകർ നിയമത്തെ അനുകൂലിക്കുന്നതായും എതിർപ്പുള്ള കർഷകർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും തോമർ യോഗത്തിൽ പറഞ്ഞു.
കൃഷി സംസ്ഥാന വിഷയമാണെന്ന് കേന്ദ്രകൃഷിമന്ത്രി പാർലമെന്റിൽ പല തവണ പറഞ്ഞത് ചൂണ്ടിക്കാട്ടിയ കർഷകർ സംസ്ഥാന വിഷയത്തിൽ കേന്ദ്രം ഇടപെടരുതെന്നും വ്യക്തമാക്കി. രണ്ടുതവണ ഇടവേളയെടുത്ത് വീണ്ടും ചർച്ച തുടങ്ങിയപ്പോഴാണ് കേന്ദ്രം പുതിയ നിർദ്ദേശം വച്ചത്.
ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ബന്ധം ആരോപിച്ച് സമരം ചെയ്യുന്ന കർഷക നേതാക്കൾക്ക് എൻ.ഐ.എ നോട്ടീസ് നൽകിയതും കർഷകർ ഉന്നയിച്ചു. മന്ത്രിമാരായ പീയുഷ് ഗോയൽ, സോംപ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. യോഗത്തിന് മുൻപ് മൂന്ന് മന്ത്രിമാരും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.