വാഷിംഗ്ടൺ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ജോ ബൈഡൻ രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് പ്രസംഗിച്ചത് അമേരിക്ക യുണൈറ്റഡ് എന്ന പ്രമേയത്തിലൂന്നിയായിരുന്നു. ഐക്യതയാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള വിജയപാതയെന്ന് ബൈഡൻ പറഞ്ഞു. ഐക്യത്തെ പറ്റി സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഭാവന മാത്രമാണെന്ന് തനിക്കറിയാം. ഐക്യത്തോടെ നിന്നുവേണം പ്രതിസന്ധികളെ നേരിടാൻ. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തിരിച്ചറിഞ്ഞെന്നും ബൈഡൻ വ്യക്തമാക്കി.
ലോകമാകെ കാതോർത്തിരുന്ന ബൈഡന്റെ പ്രസംഗത്തിന് പിന്നിലുമുണ്ടായിരുന്നു ഒരു ഇന്ത്യൻ സ്പർശം. ഇന്ത്യൻ അമേരിക്കൻ വംശജനായ വിനയ് റെഡ്ഡിയാണ് ബൈഡന്റെ ചീഫ് സ്പീച്ച് റൈറ്റർ. പ്രസിഡന്റിന്റെ പ്രസംഗം തയ്യാറാക്കുന്നത് വിനയ് റെഡ്ഡിയുടെ നേതൃത്വത്തിലാണ്. 2013ൽ ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായ ജോ ബൈഡന്റെ പ്രസംഗം തയ്യാറാക്കിയിരുന്നതും വിനയ് റെഡ്ഡിയുടെ കീഴിലായിരുന്നു. അന്നുമുതൽ ഇന്നുവരെ ബൈഡനൊടൊപ്പമാണ് വിനയ് റെഡ്ഡിയുുടെ പ്രവർത്തനം. ബൈഡന്റെ തിരഞ്ഞെടുപ്പ് ക്യാംപയിനുള്ള പ്രസംഗം തയ്യാറാക്കിയിരുന്നതും വിനയ് റെഡ്ഡിയും സംഘവും ആയിരുന്നു ബൈഡന്റെ മുഖ ഉപദേഷ്ടാവ് മൈക്ക് ഡോണിലൻ ആയിരുന്നു ഉദ്ഘാടന പ്രസംഗത്തിന്റെ ആശയത്തിന് രൂപം നൽകിയത്.
മിയാമി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഒഹിയോ കോളേജ് ഒഫി ലായിൽ നിന്ന് നിയമ ബിരുദവും നേടി. ഇതാദ്യമായാണ് ഒരു ഇന്തോ- അമേരിക്കൻ വംശജൻ അമേരിക്കൻ പ്രസിഡന്റിന്റെ ചീഫ് സ്പീച്ച് റൈറ്റർ എന്ന പദവിയിൽ എത്തുന്നത്.
തെലുങ്കാനയിലെ കരിംനഗർ ജില്ലയിലെ ഹുസൂറാബാദിലെ പൊതിറെഡ്ഡിപേട്ട ഗ്രാമത്തിലാണ് വിനയ് റെഡ്ഡിയുടെ കുടുംബ വേരുകൾ. പിതാവ് ഡോ. നാരായണ റെഡ്ഡി ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് നേടിയതിന് ശേഷം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഒഹിയോയിലെ ഡെയ്ട്ടനിലായിരുന്നു വിനയ് റെഡ്ഡി വളർന്നതും പഠിച്ചതും. രണ്ടു സഹോദരങ്ങളാണ് വിനയ് റെഡ്ഡിക്കുള്ളത്.