തിരുവനന്തപുരം: വിമാനത്താവളം അദാനിക്ക് കൈമാറുന്നത് വികസനത്തിനല്ലെന്നും ഇന്നുള്ളതിൽനിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ സ്വകാര്യവത്കരണംകൊണ്ടു കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന് നൽകിയ ഉറപ്പുപോലും കേന്ദ്രം ലംഘിച്ചു. വിമാനത്താവളം ഏറ്റെടുക്കാൻ നിയമപരമായ നടപടികൾ ഉൾപ്പെടെ സർക്കാർ സ്വീകരിച്ചിരുന്നു. സ്വകാര്യവത്കരണം തടയാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയിൽ നിലനിൽക്കെയാണ് അദാനിക്ക് കൈമാറാനുള്ള നടപടികൾ പൂർത്തീകരിച്ചത്. മര്യാദയുള്ള സർക്കാരാണെങ്കിൽ സുപ്രീം കോടതി വിധി വന്നശേഷമേ നടപടിയെടുക്കുമായിരുന്നുള്ളൂ. നിങ്ങളെന്തിനാണ് പരോക്ഷമായി കേന്ദ്ര നിലപാടിനെ ന്യായീകരിക്കുന്നതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. ശശി തരൂരിനെ പോലുള്ളവർ അതാണ് ചെയ്യുന്നത്. ന്യായീകരിക്കുന്നതിന് പകരം കേന്ദ്രം സ്വീകരിച്ച തെറ്റായ നടപടികളെ എതിർക്കുകയല്ലേ വേണ്ടത്. ചോദ്യോത്തരവേളയിൽ വിമാനത്താവള കൈമാറ്റം തടയുന്നതിന് എന്ത് നിയമനടപടി സ്വീകരിച്ചുവെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി വിധി വന്നശേഷമേ ഇനി എന്തെങ്കിലും ചെയ്യാനാവൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.