തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുളളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കർ വി ശശിയാണ് സഭ നിയന്ത്രിക്കുന്നത്.
സ്പീക്കർക്ക് എതിരായ പ്രമേയം ചട്ട വിരുദ്ധമാണെന്ന് എസ് ശർമ എം എൽ എ പറഞ്ഞു. പ്രമേയം രാഷ്ട്രീയ പ്രേരിതം ആകരുത്, വ്യക്തമാകണമെന്നാണ് ലോക്സഭാ ചട്ടം പറയുന്നത്. അഭ്യൂഹങ്ങൾ കൊണ്ട് സ്പീക്കറെ നീക്കാനുളള പ്രമേയം കൊണ്ടുവരാനാകില്ല. പ്രമേയം പത്രവാർത്തയെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രമേയം നിലനിൽക്കില്ല. എൻ ഐ എ സംശയിക്കുന്നത് കൊണ്ട് ഒരാൾ കുറ്റക്കാരനാവില്ല. ആരോടെങ്കിലും സ്പീക്കർക്ക് വ്യക്തിപരമായ ബന്ധമുളളത് തെറ്റാവില്ല. ഒരു പ്രതിയുടെ വർക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിന് സ്പീക്കറുടെ സാന്നിധ്യം ഉണ്ടായതായി പറയുന്നു. ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്. ജനുവരി നാലിനാണ് എം ഉമ്മർ നോട്ടീസ് നൽകിയത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന് സ്പീക്കർക്ക് നോട്ടീസോ അറിയിപ്പോ കിട്ടിയിട്ടില്ല. ഇത് അഭ്യൂഹം മാത്രമാണ്. ധൂർത്തും അഴിമതിയും വ്യക്തമല്ല. നോട്ടീസിൽ ഇതൊന്നും വ്യക്തമാക്കിയിട്ടില്ല. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലെന്നും എസ് ശർമ്മ ആവശ്യപ്പെട്ടു.
നോട്ടീസിൽ തെളിവില്ല, ആരോപണം മാത്രമേയുളളൂവെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഒരു പ്രാഥമിക അന്വേഷണം പോലും സ്പീക്കർക്കെതിരെ നടന്നിട്ടില്ല. സബ്ജക്ടീവായി ആരോപണം ഉന്നയിക്കണം. നോട്ടീസ് തെറ്റാണ്, ഒരുതരത്തിലും തെളിവില്ലാത്തതാണ്. കട ഉദ്ഘാടനം ചെയ്തത് തെറ്റല്ല. നിയമത്തിന് വിരുദ്ധമാണ് പ്രമേയമെന്നും മന്ത്രി പറഞ്ഞു.
എസ് ശർമ്മ ഉന്നയിച്ചത് ശരിയായ കാര്യങ്ങളാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചൂണ്ടിക്കാട്ടി. സ്പീക്കർക്കെതിരായ പ്രമേയം ആയതിനാൽ അതിന്റെ സാങ്കേതികത്വങ്ങളിലേക്ക് കടക്കാതെ പ്രമേയം അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എം ഉമ്മ| എം എൽ എ സ്പീക്കർക്കെതിരായ പ്രമേയ അവതരണം ആരംഭിച്ചു.
സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചാണെന്ന് എം ഉമ്മർ എം എൽ എ പറഞ്ഞു. മാദ്ധ്യമവാർത്തകൾക്കെതിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചില്ല. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് എം എൽ എ പറഞ്ഞു. അതിനിടെ തന്റെ വാദത്തെ എം ഉമ്മർ കളിയാക്കിയതിനെ മന്ത്രി ജി സുധാകരൻ എതിർത്തു. തലയിൽ കയറാൻ വരണ്ട എന്ന് എംഎൽഎ മറുപടി പറഞ്ഞത് സഭയിൽ ബഹളത്തിന് കാരണമായി.
പ്രമേയം ചർച്ച ചെയ്യുമ്പോൾ സ്പീക്കർ സഭയിൽ ഇല്ലാത്തതും പ്രതിപക്ഷ ബഹളത്തിനിടയാക്കി. തൊട്ടുപിന്നാലെ സ്പീക്കർ സഭയിലെത്തി ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിൽ ഇരിപ്പുറപ്പിച്ചു. സ്പീക്കർക്ക് എതിരായ പ്രമേയത്തെ സഭയിലെ ഏക എം എൽ എ ആയ ഒ രാജഗോപാൽ അനുകൂലിച്ചു.