മുംബയ്: ചരിത്രപരമായ നേട്ടത്തിലൂടെ വ്യാപാരത്തിന് തുടക്കം കുറിച്ച് സെൻസെക്സ്. ആദ്യമായി 50,000 കടന്ന് സെൻസെക്സ് വ്യാപാരം തുടരുകയാണ്. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 335 പോയിന്റുയർന്ന് സെൻസെക്സ് 50,126.73ൽ എത്തുകയായിരുന്നു. നിഫ്റ്റിയിലും നേട്ടമുണ്ടായിട്ടുണ്ട്. ആദ്യമായി 14,700 പോയിന്റ് രേഖപ്പെടുത്തി.
ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം വിജയകരമായി മുന്നോട്ടു പോകുന്നത് ഓഹരി വിപണിക്ക് ഗുണകരമായി എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കുറച്ചു ദിവസങ്ങളായി സെൻസെക്സ് 50,000ത്തോട് അടുക്കുകയായിരുന്നു. റിലയൻസിന്റെയും എച്ച് സി എല്ലിന്റെയും ഓഹരികൾക്ക് വൻനേട്ടമാണ് ഉണ്ടായിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് നഷ്ടമായ പോയിന്റുകൾ മുഴുവൻ വീണ്ടെടുത്ത സെൻസെക്സ് അതിവേഗത്തിലാണ് അര ലക്ഷം പോയിന്റിനടുത്തേക്ക് എത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അനുഭവപ്പെട്ട തകർച്ചയിൽ 2020 മാർച്ച് 24ന് സെൻസെക്സ് 25638.90 പോയിന്റ് വരെ ഇടിയുകയുണ്ടായി.
യു എസ് – ചൈന വ്യാപാരയുദ്ധം അവസാനിക്കുമെന്ന പ്രത്യാശ, വിപണിയിലേക്ക് അണമുറിയാതെ ഒഴുകുന്ന വിദേശ നിക്ഷേപം, ഇന്ത്യൻ കമ്പനികളിൽനിന്നുളള പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രവർത്തന ഫലം, വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്നതോടെ കൊവിഡ് താമസിയാതെ നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷ തുടങ്ങിയവയെല്ലാം ഓഹരി വിപണി കുതിക്കുന്നതിനുളള പ്രധാന കാരണങ്ങളാണ്.
പണലഭ്യതയുടെ ഉയർന്ന നിലവാരം, ഇന്ത്യ – ചൈന സംഘർഷത്തിൽ പ്രതീക്ഷിക്കുന്ന അയവ്, വാഹനങ്ങൾ ഉൾപ്പെടെ മിക്ക ഉത്പന്നങ്ങളുടെയും മെച്ചപ്പെടുന്ന വിൽപന, സ്വർണത്തിലേക്ക് ഒഴുകിയ പണത്തിന്റെ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കു തിരിച്ചെത്താനുളള സാദ്ധ്യത, യു എസ് ഡോളറിന് അനുഭവപ്പെടുന്ന ദൗർബല്യം, കേന്ദ്ര ബജറ്റ് സംബന്ധിച്ച പ്രതീക്ഷകൾ, രാജ്യത്തെ നിക്ഷേപോപാധികളുടെ നാമമാത്രമായ പലിശ, ഓഹരി നിക്ഷേപത്തിനു സമ്മാനിക്കുന്ന ആകർഷകത്വം, യു എസിലെ ഭരണമാറ്റം തുടങ്ങിയവ ഓഹരി വിപണിയുടെ കുതിപ്പിനുളള കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.