' ഗിഗ്ലിംഗ് ബ്രെഡ് ', ജോയ്ഫുള്ളി ഡാൻസിംഗ് സാലഡ് '.... ഇതൊക്കെ തായ്ലൻഡിലെ ഒരു റെസ്റ്റോറന്റിലെ ഫുഡ് ഐറ്റംസിന്റെ പേരാണ്. പേര് കേട്ട് ഈ വിഭവങ്ങളെല്ലാം വലിയ സംഭവമായിരിക്കുമല്ലോ എന്നായിരിക്കും എല്ലാവർക്കും തോന്നുക. ശരിയാണ്, ഈ വിഭവങ്ങൾ വളരെ അപൂർവ്വവും വ്യത്യസ്തവുമാണ്. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ നീങ്ങിയാണ് റെസ്റ്റോറന്റ് ഉടമകൾ ഈ വിഭവങ്ങളിലേക്കെത്തിയത്.
കഞ്ചാവാണ് ഈ ' സ്പെഷ്യൽ ' വിഭവങ്ങളിലെ പ്രധാന ചേരുവ. അടുത്തിടെ രാജ്യത്ത് കഞ്ചാവ് ചെടിയെ നിയമാനുസൃതമാക്കിയതിന് പിന്നാലെയാണ് വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇത്തരം വെറൈറ്റി വിഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രാചിൻ ബുരിയിലെ ചാവോ ഫ്യാ അഭിഭുബെജർ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലാണ് കഞ്ചാവ് വിഭവങ്ങളുള്ളത്. കഞ്ചാവിനെ മയക്കുമരുന്നുകളുടെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കിയ തായ്ലൻഡ് സർക്കാർ അംഗീകരിച്ച ഫാമുകളിൽ അവയുടെ കൃഷിയ്ക്കായി അനുമതി നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് ഈ മാസം ആദ്യം മുതൽ കഞ്ചാവ് വിഭവങ്ങൾ റെസ്റ്റോറന്റിൽ വിളമ്പാൻ ആരംഭിച്ചത്. വിഭവത്തിൽ ചെറിയ അളവിലാണ് കഞ്ചാവ് ഇലകൾ ചേർക്കുന്നത്. രോഗികളായവർക്ക് അസുഖം ഭേദമാകുന്നതിന് കഞ്ചാവ് ഇലകൾ സഹായിക്കുമെന്നാണ് റെസ്റ്റോറന്റ് അധികൃതരുടെ വാദം. ദഹനപ്രക്രിയയെ സുഗമമാക്കുന്ന കഞ്ചാവ് ഇല ആളുകളെ സുഖമായി ഉറങ്ങാനും അവർക്ക് ഉന്മേഷവും നല്ല മാനസികാവസ്ഥയും നൽകുന്നതായും ഇവർ പറയുന്നു. കഞ്ചാവിന്റെ ആരോഗ്യഗുണങ്ങളെ പറ്റിയുള്ള ഗവേഷണങ്ങൾ നടക്കുന്ന തായ്ലൻഡിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ചാവോ ഫ്യാ അഭിഭുബെജർ ആശുപത്രി.
കഞ്ചാവിനെ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്ലൻഡ്. 2017ലായിരുന്നു ഇത്. തുടർന്ന് നിരവധി മെഡിക്കൽ മരിജുവാന ക്ലിനിക്കുകൾ രാജ്യത്തുടനീളം തുറക്കുകയുണ്ടായി. ഹാപ്പി പോർക്ക് സൂപ്പ്, കഞ്ചാവ് ഇലകളുടെ ക്രിസ്പി സാലഡ് തുടങ്ങിയ മറ്റ് കഞ്ചാവ് വിഭവങ്ങളും റെസ്റ്റോറന്റിലുണ്ട്. വിഭവം കഴിച്ചവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് നൽകുന്നത്. കൂടുതൽ തായ് വിഭവങ്ങളിലേക്ക് കഞ്ചാവ് ഇല കൂടി ചേർത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് രാജ്യത്തെ റസ്റ്റോറന്റുകൾ.