കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരേ അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുമായി ബന്ധപ്പെട്ട രണ്ട് പേരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്പീക്കർ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാർഡിന്റെ ഉടമയും സ്പീക്കറുടെ സുഹൃത്തുമായ പൊന്നാനി സ്വദേശികളായ നാസർ, ലഫീർ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നത്.
കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചതായും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് നാസർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നാസറിന്റെ പേരിലുളള സിം കാർഡാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരേ ആരോപണങ്ങളുയർന്നതോടെ ഈ സിം കാർഡ് പ്രവർത്തനരഹിതമായി. ഈ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കസ്റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
മസ്കറ്റിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളാണ് ലഫീർ മുഹമ്മദ്. ഈ സ്ഥാപനത്തിലെ ഡീൻ ആയ കിരൺ തോമസിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവർ അബുദാബിയിൽ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തിൽ സ്വപ്നയും പങ്കെടുത്തിരുന്നു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനൊപ്പമാണ് 2018ൽ നടന്ന അഭിമുഖത്തിനായി സ്വപ്ന എത്തിയത്. സ്വപ്നയെ നിയമിക്കാൻ ശിവശങ്കർ ശുപാർശ ചെയ്തതായും നേരത്തെ വ്യക്തമാക്കിയിരുന്നു.