ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറംപള്ളി ഡിവിഷൻ പരിധിയിലെ ഒമ്പത് വാർഡുകളിൽ നടപ്പിലാക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 'സ്നേഹസ്പർശം 2021' പദ്ധതിക്ക് നാളെ തുടക്കമാകും. ആസ്റ്റർ മെഡ്സിറ്റിയും കോതമംഗം നെല്ലിക്കുഴിപീസ് വാലിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദഗ്ദ്ധ ഡോക്ടമാർ നേതൃത്വം നൽകും. നാളെ രാവിലെ 11:30ന് ചാലക്കൽ ഹൈദ്രൂസിയ മദ്രസ ഹാളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡിവിഷൻ മെമ്പർ ഷാജിത നൗഷാദ് അദ്ധ്യക്ഷത വഹിക്കും. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്തംഗം സനിത റഹീം, വാർഡ് മെമ്പർ സതീശൻ കുഴിക്കാട്ടുമാലി തുടങ്ങിയവർ സംസാരിക്കും.
രണ്ട് ഘട്ടങ്ങളിലായാണ് ഈ ക്യാമ്പ് നടക്കുന്നത്. ആദ്യഘട്ടം ജനുവരി 31ന് അവസാനിക്കും.
ജനുവരി 24ന് ചെറുവേലിക്കുന്ന് ഭാവന ലൈബ്രറി ഹാൾ, 26ന് മുടിക്കൽ റീം ഓഡിറ്റോറിയം, 27ന് മാറംപള്ളി കോട്ടേക്കര മിസ്ബാഹുൽ ഹുദ മദ്രസ്സ, 30ന് മാറംപള്ളി നുസ്രത്തുൽ ഇസ്ലാം വി.എച്ച്.എസ്.എസ്, 31ന് മുള്ളൻകുന്ന് എന്നിവിടങ്ങളിൽ ആദ്യഘട്ട ക്യാമ്പ് നടക്കും.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്യാമ്പ് നടക്കുകയെന്ന് മെമ്പർ ഷാജിത നൗഷാദ് പറഞ്ഞു.