സിനിമ കാണാനായി പ്രേക്ഷകർ തീയറ്ററുകളിലേക്ക് വരണമെന്ന അഭ്യർത്ഥനയുമായി നടൻ മോഹൻലാൽ. പ്രധാനമായും, ജയസൂര്യ നായകനായി എത്തുന്ന 'വെള്ളം' എന്ന ചിത്രത്തിന് വേണ്ടിയാണ് താരം തന്റെ വീഡിയോ സന്ദേശത്തിലൂടെ ഈ അഭ്യർത്ഥന നടത്തിയത്.
ഏറെ കാലത്തിന് ശേഷം മലയാളത്തിന്റേതായി ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയുടെ ചക്രം ചലിക്കണമെങ്കിൽ സിനിമകൾ വരികയും അത് കാണുകയും ചെയ്യേണ്ടതുണ്ട്. മോഹൻലാൽ പറയുന്നു. ഒപ്പം, തന്റെയുൾപ്പടെ നിരവധി പേരുടെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഉണ്ടെന്നും മോഹൻലാൽ പറയുന്നു.
സിനിമാ മേഖലയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ വേണ്ടി പ്രേക്ഷകർ തീയറ്ററുകളിലേക്ക് വരണമെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെ വിനോദ വ്യവസായത്തെ തന്നെ കരകയറ്റണമെന്നും മോഹൻലാൽ ഓർമിപ്പിക്കുന്നു.
കലാകാരൻമാരും കലാകാരികളും എന്ത് ചെയ്യണം എന്നറിയാതെ കഴിഞ്ഞ ഒരു വർഷമായി ബുദ്ധിമുട്ടിലായിരുന്നു. ഒരുപാട് നാളായി സിനിമയിൽ പ്രവർത്തിക്കുന്നയാൾ എന്ന നിലയിലെ തന്റെ അപേക്ഷയാണിത്. മോഹൻലാൽ പറയുന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ ഉൾപ്പെടെ നിരവധി പേർ താരത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.