പോത്തൻകോട്: പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബത്തെ വീട്ടിൽ നിന്നു ഇറക്കിവിടാനുള്ള ശ്രമം നാട്ടുകാരും പൊലീസുമെത്തി തടഞ്ഞു. പോത്തൻകോട് മണ്ഡപകുന്ന് കരൂർ ചിത്രാലയം വീട്ടിൽ അരുൺ, ഭാര്യ സൂസൻ, മക്കളായ സാവിയോ ( 5 ), ആലിയ ( 3 ) എന്നിവരെയാണ് കുടുംബവീട്ടിൽ നിന്ന് ജനറൽ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റായ അരുണിന്റെ മാതാവ് ഇറക്കിവിടാൻ ശ്രമിച്ചത്. കുറച്ചുദിവസം മുമ്പ് ഇവരെ ഇറക്കിവിടാനുള്ള ശ്രമം പോത്തൻകോട് എസ്.ഐ അജീഷിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. എന്നാൽ തിങ്കളാഴ്ച സൂസന്റെ വീട്ടിൽ പോയി മടങ്ങിവരുന്നതിന് മുമ്പ് അരുണിന്റെ മാതാവ് വീട് പൂട്ടി സ്ഥലംവിട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസം കുടുംബം വീടിന് വെളിയിലാണ് കിടന്നത്. ഇന്നലെ രാത്രി സ്ഥലത്തെത്തിയ ജനപ്രതിനിധികളും നാട്ടുകാരും പൊലീസും ഫോണിൽ ബന്ധപ്പെട്ടിട്ടും മാതാവ് വീട് തുറക്കാൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്തു കയറ്റുകയായിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരനായ ഭർത്താവിനൊപ്പം നെടുമങ്ങാട്ടെ വീട്ടിലാണ് അരുണിന്റെ സഹോദരി താമസിക്കുന്നത്. കുടുംബസ്വത്തായി ഉണ്ടായിരുന്ന 35 സെന്റ് സ്ഥലവും വീടും സഹോദരിക്കാണ് നൽകിയതെന്നും ഒരു കിടപ്പാടം ഉണ്ടാകുന്നതുവരെ തന്റെ കുടുംബത്തിന് താമസിക്കാൻ വേറെ ഇടമില്ലെന്നും അരുൺ പറയുന്നു.