തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് അപകടത്തിൽ മരിച്ച സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരെ കണ്ടെത്താൻ പൊലീസ് പരസ്യം നൽകി. കാരയ്ക്കാമണ്ഡപത്തിന് സമീപം നടന്ന അപകടത്തിൽ പ്രദീപിനെ മറ്റൊരു സ്കൂട്ടറുകാരൻ തള്ളിയിട്ടതാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
റോഡരികിലെ സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് സ്കൂട്ടറുകളാണ് പ്രദീപിന് മുന്നിലായി സഞ്ചരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരു സ്കൂട്ടറിൽ രണ്ട് സ്ത്രീകളും മറ്റൊന്നിൽ പുരുഷനുമാണ് സഞ്ചരിക്കുന്നത്. ഇവരെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഫോട്ടോയിൽ കാണുന്ന വാഹനങ്ങളെയോ വ്യക്തികളെയോ പറ്റി അറിയുന്നവർ നേമം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 9497990009, 9497987011, 9497980009, 04712390223.