എഴുകോൺ: സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് 6.13 ലക്ഷം രൂപ മോഷണം പോയി. നെടുമൺകാവ് ഏറ്റുവായ്ക്കോട് ബിനൂപ് ഭവനിൽ ആര്യ ദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 19ന് വൈകിട്ട് 6.30നും 7.30നും ഇടയിലാണ് മോഷണം നടന്നത്. ആര്യ ദാസും അമ്മ വത്സലയും ആറു വയസുള്ള മകനും ആണ് വീട്ടിലുള്ളത്. സംഭവ സമയം മൂന്നുപേരും അടുത്തുള്ള അമ്പലത്തിൽ പോയിരിക്കുകയായിരുന്നു. അടുക്കള വശത്തെ വർക്ക് ഏരിയയുടെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 6.13 ലക്ഷം രൂപ അപഹരിക്കുകയായിരുന്നു. വീടിനുള്ളിലെ ലൈറ്റുകൾ ഓണാക്കി ഇട്ടതിന് ശേഷം അമ്പലത്തിൽ പോയ വീട്ടുകാർ തിരികെയെത്തിയപ്പോൾ ലൈറ്റ് ഓഫ് ആയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. ഇന്നലെ കൊല്ലത്തുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു. എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.