പറവൂർ: പുത്തൻവേലിക്കരയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. തുരുത്തൂർ ഉല്ലാസ് നഗർ കൈതത്തറ ആഷിക് (23), അറപ്പാട്ട് ശ്രീഹരി (20), എട്ട്യാതിപറമ്പിൽ ഗോകുൽ കൃഷ്ണ (19), വെസ്റ്റ് വെമ്പല്ലൂർ എസ്.എൻ പുരം തായാട്ടുപറമ്പിൽ അതുൽ കൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്. തുരുത്തൂർ ഉല്ലാസ് നഗർ കൈതത്തറ ഔസോ സഞ്ജുവിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി പത്തരയോടെ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. വീട്ടമ്മയടക്കം മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. വീട്ടുപകരണങ്ങൾ നശിപ്പിച്ചു. മുൻവൈരാഗ്യമാണ് കാരണമെന്നു പൊലീസ് പറഞ്ഞു.
സംഭവശേഷം ഒളിവിൽ പോയ ഇവരെ പാലക്കാട് അഗളിയിൽ നിന്നാണ് അറസ്റ്റുചെയ്തത്. ആക്രമണം നടത്താൻ ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു. മൊബൈൽഫോൺ സ്വിച്ച് ഒഫ് ചെയ്യുകയും ഇൻസ്റ്റഗ്രാമിൽ മൂന്നാർ ലൊക്കേഷൻ സ്റ്റാറ്റസിട്ട് ഇവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഇൻസ്പെക്ടർ ജോബി തോമസ്, എസ്.ഐ എം.പി. സുധീർ, എ.എസ്.ഐ കെ.എം. ഹരിദാസൻ, മനോജ് ഫ്രാൻസിസ്, ജീമോൻ, സുബൈർ, ഉമേഷ്, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.