കൊല്ലം : ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർത്ഥികൾക്ക് വ്യാപകമായി നിരോധിത ലഹരിവസ്തുക്കൾ വിറ്റയാൾ പൊലീസിന്റെ പിടിയിലായി. തേവലക്കര പുത്തൻസങ്കേതം ചുനക്കാട്ട് വയൽ വീട്ടിൽ നവാസ് (36) ആണ് പിടിയിലായത്. കെ.എസ്.ഇ.ബിയിൽ ലൈൻമാനാണ് നവാസ്. ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ കാരണമായത്. ജില്ല ഡാൻസാഫ് ടീം ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നവാസിനെ പിടികൂടിയത്. തേവലക്കര അയ്യൻകോയിക്കൽ മേഖലയിലെ സ്കൂൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വസ്തുക്കൾ വിറ്റിരുന്നത്. വിദ്യാർത്ഥികളുടെ കൈവശം കണ്ട ലഹരി വസ്തുക്കളെ കുറിച്ച് സ്കൂളധികൃതരുടെ സഹായത്തോടെ വിവരം ശേഖരിച്ച ഡാൻസാഫ് ടീം നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ 120 പാക്കറ്റ് ലഹരിവസ്തുക്കളുമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവും കോട്പാ ആക്ട് പ്രകാരവും തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തെക്കുംഭാഗം എസ്.ഐ സുജാതൻപിളള, ഡാൻസാഫ് ടീം അംഗങ്ങളായ സബ് ഇൻസ്പെക്ടർ ആർ. ജയകുമാർ, എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഓ സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.