26 പവനും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു
നാഗർകോവിൽ: നഗ്നരായെത്തി വീടുകളിൽ മോഷണം നടത്തുന്ന സഹോദരന്മാരെ തമിഴ്നാട് സ്പെഷ്യൽ ടീം പൊലീസ് അറസ്റ്റുചെയ്തു. എസ്.ടി മങ്കാട് സ്വദേശി എഡ്വിൻ ജോസ് (32), ജെബിൻ ജോസ് (30) എന്നിവരാണ് പിടിയിലായത്. കന്യാകുമാരി ജില്ലയിലെ വീടുകളിലാണ് ഇവർ മോഷണം നടത്തുന്നത്. കുളച്ചൽ എ.എസ്.പി വിശ്വേഷ് ശാസ്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ ജോൺ ബോസ്കോയുടെ സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 26 പവൻ സ്വർണവും 13,000 രൂപയും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. മോഷണത്തിന് ഉപയോഗിക്കുന്ന ബൈക്കുകൾ കത്തിച്ചുകളയുന്നതാണ് ഇവരുടെ രീതി. മാർത്താണ്ഡത്തെ സ്വർണക്കടകളിലും വീടുകളിലും മോഷണം നടത്തിയതിന് എഡ്വിൻ ജോസ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി മോഷണം നടത്തുന്ന എഡ്വിൻ ജോസിന്റെ പേരിൽ 25 കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.