തിരുവനന്തപുരം: കസ്റ്രംസിനെ പുലഭ്യം പറയാൻ അവകാശലംഘന നോട്ടീസിനെ ദുരുപയോഗിച്ചെന്നും സ്പീക്കർ സഭാമര്യാദ ചവിട്ടിമെതിച്ചെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. നിയമസഭയുടെ അവകാശമുപയോഗിച്ച് കസ്റ്റംസിനെ തടയാനാണ് സ്പീക്കർ ശ്രമിച്ചത്. സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് പ്രതികളുമായുള്ള സ്പീക്കറുടെ സൗഹൃദം സഭയെ കളങ്കപ്പെടുത്തി.
ഇ-സഭയുണ്ടാക്കാൻ 16കോടിയുടെ എസ്റ്റിമേറ്റുണ്ടാക്കിയവരുടെ തല പരിശോധിക്കണം. ഹിമാചൽ പ്രദേശിൽ എട്ടുകോടിക്ക് നാഷണൽ ഇൻഫോമാറ്റിക് സെന്റർ ഇ-സഭ പദ്ധതി നടപ്പാക്കിയതാണ്. ഇവിടെ കരാറെടുത്ത ഊരാളുങ്കൽ കരാർ മറിച്ചുനൽകി. ഇങ്ങനെ ചെയ്യണമെങ്കിൽ ടെൻഡർ വേണമെന്ന് സർക്കാർ ഉത്തരവുണ്ട്. നിയമസഭ നിർമ്മാണത്തിന് 76കോടിയാണ് ചെലവായതെങ്കിൽ നവീകരണത്തിന് സ്പീക്കർ 64കോടി ചെലവിട്ടു. സ്പീക്കർക്ക് അവാർഡ് കൊടുത്ത എം.ഐ.ടിക്ക് ഫെസ്റ്റിവൽ ഓൺ ഡെമോക്രസി പരിപാടിയിൽ 5കോടി നൽകി. അഞ്ചു കോടി കൊടുത്താൽ ആരാണ് അവാർഡ് കൊടുക്കാത്തത്.
സ്പീക്കർ കസേരയിലിരുന്ന് പാർട്ടിക്കാരനായി ശ്രീരാമകൃഷ്ണൻ പ്രവർത്തിച്ചു. മുഖ്യമന്ത്രി മൂന്നരമണിക്കൂർ പ്രസംഗിച്ചപ്പോൾ തനിക്ക് മുപ്പത് മിനിറ്റാണ് നൽകിയത്. സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിൽ രാഷ്ട്രീയമില്ല. സ്പീക്കറുടെ കസേരയിലിരിക്കാൻ ശ്രീരാമകൃഷ്ണന് ധാർമ്മിക അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.