ന്യൂഡൽഹി: ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന 'താണ്ഡവ്" വെബ് സീരീസിന് പിന്നാലെ 'മിർസാപൂർ" വെബ് സീരീസിനെതിരെയും യു.പി പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ മിർസാപൂരിന്റെ അണിയറ പ്രവർത്തകർ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ മിർസാപൂരിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് നൽകിയ പരാതിയിലാണ് സുപ്രീംകോടതി നടപടി. മിർസാപൂരിനെ മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. അണിയറ പ്രവർത്തകർക്ക് പുറമേ ആമസോൺ പ്രൈമിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നുവെന്നാരോപിച്ചാണ് 'താണ്ഡവിനെതിരെ' യു.പി പൊലീസ് കേസെടുത്തത്.
ക്രൈം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന വെബ് സീരീസാണ് മിർസാപൂർ. കരൺ അനുഷ്മാൻ, ഗുർമീത് സിംഗ്, മിഹിർ ദേശായി എന്നിവരാണ് സംവിധായകർ. മിർസാപൂർ സീസൺ ആദ്യഭാഗം മികച്ച പ്രേക്ഷകപ്രീതി നേടിയതോടെയാണ് രണ്ടാംഭാഗവുമായി അണിയറപ്രവർത്തകരെത്തിയത്.
പങ്കജ് ത്രിപാഠി, അലി ഫസൽ, ദിവ്യേന്ദു ശർമ്മ, ശ്വേത ത്രിപാഠി ശർമ്മ, രസിക ദുഗൽ, ഹർഷിത ഗൗർ, അമിത് സിയാൽ, അഞ്ജു ശർമ, ഷീബ ചദ്ദ, മനു റിഷി ചദ്ദ, രാജേഷ് തിലാങ് എന്നിവർ സീസൺ 2ൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.